‘ആഗ്ര’ എന്ന വാക്കിന് അർത്ഥമില്ല; ആഗ്രവാന്‍ എന്നോ ‘അഗര്‍വാള്‍’ എന്നോ പേരിടണമെന്ന്‌ ബിജെപി

0
236

ദില്ലി (www.mediavisionnews.in): അലഹാബാദ്, ഫൈസാബാദ് എന്നീ നഗരങ്ങളുടെ പേര് മാറ്റിയതിന് പിന്നാലെ ഉത്തർപ്രദേശിലെ ആഗ്രയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എം എൽ എ ജഗന്‍ പ്രസാദ് ഗാര്‍ഗ് രംഗത്ത്. ആഗ്രയെ ‘ആഗ്രവാന്‍’ എന്നോ ‘അഗര്‍വാള്‍’ എന്നോ പുനര്‍നാമകരണം ചെയ്യണമെന്നാണ് എംഎൽഎയുടെ ആവശ്യം. ലഖ്നൗവിൽ വിളിച്ചു ചേർത്ത  വാര്‍ത്താ സമ്മേളനത്തിലാണ് പ്രസാദ് ഗാര്‍ഗ് ഇക്കാര്യം ഉന്നയിച്ചത്.

ആഗ്ര എന്ന വാക്കിന് ഒരു അർത്ഥവുമില്ല. അതു കൊണ്ടു തന്നെ ആ പേരിന് യാതൊരു പ്രസക്തിയുമില്ല. അഗർവാൾ സമുദായത്തിൽപ്പെട്ട നിരവധി പേർ ആഗ്രയിൽ താമസിക്കുന്നുണ്ട്. അതിനാല്‍ നഗരത്തിന്റെ പേര് ആഗ്രവാന്‍ എന്നോ അഗര്‍വാള്‍ എന്നോ ആക്കണം’- പ്രസാദ് ഗാര്‍ഗ് പറഞ്ഞു. ആഗ്രക്ക് പുറമെ തെലങ്കാനയിലെ നഗരങ്ങള്‍ക്കും പുതിയ പേര് നല്‍കണമെന്ന്  ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുമ്പ് മുസാഫര്‍ നഗറിന്റെ പേര് ലക്ഷ്മി നഗര്‍ എന്നാക്കി മാറ്റണമെന്ന് ബി.ജെ.പി എം.എല്‍.എ സംഗീത് സോം ആവശ്യപ്പെട്ടിരുന്നു. മുസ്ലീം ഭരണാധികാരികളാണ് ഇന്ത്യയിലെ നഗരങ്ങളുടെ പേരുകൾ മാറ്റിയതെന്നും അത്തരം നഗരങ്ങളുടെ പേരുകൾ തിരിച്ചു കൊണ്ടു വന്നാൽ ഇന്ത്യൻ സംസ്കാരം വീണ്ടെടുക്കാൻ സാധിക്കുമെന്നും സോം പറഞ്ഞിരുന്നു.

അതേ സമയം  ഡിസംബര്‍ 7ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചാൽ ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ പേര് മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു. ഹൈദരാബാദിന് ഭാഗ്യനഗരം എന്ന പഴയ പേര് നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇത്തരത്തിൽ ലോക പൈതൃക പദവിയിലുള്ള  അഹമ്മദാബാദിനെ ‘കര്‍ണാവതി’ ആക്കണമെന്ന്  ഗുജറാത്ത് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് നഗരത്തിന്റെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി ദീപാവലി ദിനത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here