തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് ഇരുചക്രവാഹനയാത്രികര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന ഇരുചക്ര വാഹനങ്ങളില്‍ കുട നിവര്‍ത്തി ഉപയോഗിച്ചാല്‍ ‘പാരച്യൂട്ട് എഫക്ട്’ മൂലം അപകടം സൃഷ്ടിച്ചേക്കാമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓര്‍മ്മപ്പെടുത്തുന്നത്.
‘പലയിടങ്ങളിലും വേനല്‍മഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ മഴയില്‍ നിന്നും രക്ഷപ്പെടാന്‍ ഇരുചക്രവാഹന യാത്രക്കാര്‍ മഴക്കോട്ടിന് പകരം കുട പിടിക്കുന്ന രംഗങ്ങളും റോഡില്‍ കാണുന്നുണ്ട്. ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്നു കുട നിവര്‍ത്തി ഉപയോഗിക്കുന്നത് (അത് ഓടിക്കുന്നയാളായാലും പിറകിലിരിക്കുന്നയാളായാലും) പാരച്യൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാം എന്ന കാര്യം ഞങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ്’, പോസ്റ്റില്‍ പറയുന്നു.
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഞായര്‍ വരെ സംസ്ഥാനത്ത് മിക്കയിടങ്ങളിലും മഴയുണ്ടായേക്കുമെന്നാണ് പ്രവചനം.വ്യാഴം, വെള്ളി ദിവസങ്ങളില്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.