ചൂടുകാലത്ത് ഏറ്റവുമധികം പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത. എന്നാൽ കുടിക്കുന്ന വെള്ളത്തിന്റെ അളവിനെ പറ്റി പലപ്പോഴും നാം വേണ്ടത്ര ശ്രദ്ധ പുലർത്താറില്ല. സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ് കണക്ക്.
ചൂടുകാലത്തേക്ക് കടക്കുമ്പോൾ ഇതിന്റെ അളവ് 2.5 ലിറ്ററായി ഉയരും. ചൂടിൽ നിന്ന് രക്ഷതേടാൻ വെള്ളമ കുടിക്കാൻ ശ്രദ്ധിക്കുമ്പോൾ കാർബണേറ്റഡ് പാനീയങ്ങളും എനർജി ഡ്രിങ്കുകളും കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നും പലരും ശ്രദ്ധിക്കാതെ പോകുന്നു.
ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ് കരിക്കിൻ വെള്ളമോ നാരങ്ങ വെള്ളമോ?. ഇവ രണ്ട് മാറി മാറി നാം കുടിക്കാറുണ്ട്. എന്നാൽ ഇതിൽ ഏതാണ് കൂടുതൽ നല്ലത്. സമീപ വർഷങ്ങളിൽ നാരങ്ങ വെള്ളം ജനപ്രീതി നേടിയിട്ടുണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമുള്ള ഒരു പാനീയമായി കണക്കാക്കപ്പെടുന്നു. നാരങ്ങാവെള്ളത്തിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ, മറ്റ് ഗുണം ചെയ്യുന്ന പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.
നാരങ്ങാ വെള്ളത്തിൻ്റെ പ്രധാന ഗുണങ്ങളിലൊന്ന് ജലാംശം നിലനിർത്താനുള്ള കഴിവാണ്. നാരങ്ങയിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ നഷ്ടപ്പെട്ട ദ്രാവകം നിറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും ജലാംശം നിലനിർത്തുന്നതിലും ഈ ഇലക്ട്രോലൈറ്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ധാരാളം പോഷകങ്ങൾ അടങ്ങിയ മറ്റൊരു പ്രകൃതിദത്ത പാനീയമാണ് കരിക്കിൻ വെള്ളം. പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സോഡിയം തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കരിക്കിൻ വെള്ളം ജലാംശം നൽകുന്ന പാനീയമായി കണക്കാക്കുന്നതിൻ്റെ ഒരു പ്രധാന കാരണം അതിൽ ഉയർന്ന അളവിൽ ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട് എന്നതാണ്. മാത്രമല്ല, ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ആവശ്യമായ ധാതുവായ പൊട്ടാസ്യവും കരിക്കിൻ വെള്ളത്തിൽ ധാരാളമുണ്ട്. ശരീരത്തിലെ നിർജ്ജലീകരണം തടയാനും ഇത് സഹായിക്കുന്നു.
ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?
വേനൽക്കാലത്ത് ജലാംശം നിലനിർത്താൻ നാരങ്ങാ വെള്ളവും തേങ്ങാ വെള്ളവും ഒരുപോലെ ഫലപ്രദമാണ്. നഷ്ടപ്പെട്ട ദ്രാവകങ്ങൾ നിറയ്ക്കാൻ സഹായിക്കുന്ന ഇലക്ട്രോലൈറ്റുകൾ നാരങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.
കരിക്കിൻ വെള്ളവുമായി താരതമ്യപ്പെടുത്തുമ്പോൾ അതിൽ കുറച്ച് കലോറി അടങ്ങിയിട്ടുള്ളതിനാൽ നാരങ്ങ വെള്ളമാണ് മികച്ചതായി വിദഗ്ധർ പറയുന്നു. നേരെമറിച്ച്, വ്യായാമത്തിന് ശേഷം ശരീരത്തിൽ ജലാംശം നൽകാൻ കഴിയുന്ന മറ്റൊരു പാനീയമാണ് കരിക്കിൻ വെള്ളം.