റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിനായി ലോകമാകെയുള്ള മലയാളികളുടെ സ്നേഹം ഒഴുകിയെത്തിയപ്പോൾ മോചനത്തിനായുള്ള ദയാധന സമാഹരണമെന്ന ലക്ഷ്യം യാഥാർഥ്യമായെന്നത് ഏവർക്കും അറിയാം. എന്നാൽ ഇനിയുള്ള നടപടിക്രമങ്ങൾ എങ്ങനെയാകുമെന്നും പണം എങ്ങനെ കൈമാറുമെന്നുമുള്ള കാര്യങ്ങളടക്കം അറിയാൻ ഏവർക്കും വലിയ ആകാംക്ഷയാണ്. 34 കോടിയെന്ന വലിയ പ്രതിസന്ധി മലയാളികളുടെ സ്നേഹത്തിന് മുന്നിൽ വഴിമാറിയപ്പോൾ, ഇനി മോചനം യാഥാർഥ്യമാക്കാനുള്ള കടമ്പകൾ മാത്രമാണ് മുന്നിലുള്ളത്.
ഇനി മോചനത്തിനുള്ള ശ്രമമാണ് സൗദിയിൽ നടക്കുക. ഇതിനായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി കുടുംബത്തിന്റെ വക്കീലുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിക്കഴിഞ്ഞു. വൈകാതെ തന്നെ കൂടിക്കാഴ്ച സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് യൂസഫ് പറഞ്ഞു. കരാർ പ്രകാരമുള്ള തുക സമാഹരിക്കപ്പെട്ടെന്നും എത്രയും വേഗം വധശിക്ഷ റദ്ദ് ചെയ്യാനുള്ള കുടുംബത്തിന്റെ സമ്മതം കോടതിയിൽ അറിയിക്കണമെന്നും ആവശ്യപ്പെടും. ഇന്ത്യൻ എംബസി ഇക്കാര്യം വിശദീകരിച്ച് അറ്റോർണിക്ക് കത്ത് കൈമാറുകയും ചെയ്യും. ദിയ ധനം വാങ്ങി റഹീമിന് മാപ്പ് നൽകിയെന്ന കുടുംബത്തിന്റെ സമ്മതം അറ്റോർണി കോടതിയിൽ അറിയിക്കുന്നതോടെ കോടതി വധ ശിക്ഷ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കും. തുടർന്ന് കീഴ്കോടതിയുടെ ഉത്തരവ് സുപ്രീം കോടതിയിലേക്ക് അയക്കുകയും അത് ശരിവെക്കുകയും വേണം. അതോടെ ആദ്യ കടമ്പ പൂർത്തിയാകും.
തുടർന്ന് ഒന്നരക്കോടി സൗദി റിയാലിന്‍റെ ചെക്ക് എൻഫോഴ്‌സ്‌മെന്‍റെ കോടതിയിൽ സമർപ്പിക്കും. അതോടെ ജയിൽ മോചനത്തിനുള്ള രേഖകളും നീക്കും. കോടതി ആവശ്യപ്പടുന്ന രേഖകൾ നൽകി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ ജയിൽ മോചനവും അതിവേഗം സാധ്യമാകും. കോടതി ഉൾപ്പടെ പെരുന്നാൾ അവധിയിൽ ആയതിനാൽ കുറഞ്ഞ ദിവസങ്ങൾ ഇതിനായി കാത്ത് നിൽക്കേണ്ടി വരുമെന്നും യൂസഫ് കാക്കഞ്ചേരി അറിയിച്ചു. ഇന്ത്യയിൽ സമാഹരിച്ച തുക എത്രയും പെട്ടന്ന് സൗദിയിൽ എത്തിക്കുക എന്നതാണ് ഇനി മുന്നിലുള്ള പ്രധാന കടമ്പ. അതിനായ് എംബസി നേരത്തെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. നാട്ടിലെ ബാങ്കുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ വേഗത്തിലാക്കാൻ അഷ്‌റഫ് വേങ്ങാട്ട് ഉൾപ്പടെയുള്ള സഹായ സമിതി ശ്രമിക്കുന്നുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാൽ ഉടൻ പണം സൗദിയിലെത്തും. തടസ്സങ്ങൾ നേരിടാതെ തുക സൗദിയിലെത്തിക്കാൻ വേണ്ട ശ്രമങ്ങൾ ഇന്ത്യൻ എംബസിയും സഹായ സമിതിയും ആരംഭിച്ചിട്ടുണ്ട്. 2006 നവംബറിൽ സൗദിയിലെത്തിയ റഹീം ഒരു മാസത്തിനകം തന്നെ കേസിൽ കുടുങ്ങുകയായിരുന്നു. മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ അനസ് അൽ ഷംറിയെന്ന 15 കാരൻ മരിച്ചതുമായി ബന്ധപ്പെട്ടാണ് റഹീമിന് വധശിക്ഷ ലഭിച്ചത്. 18 വർഷത്തോളമായി ജയിലിൽ കഴിയുന്ന റഹീം മോചന ശ്രമം യാഥാർത്ഥ്യമാകുന്നതിൽ അതീവ സന്തുഷ്‌ടനാണ്.