കൊച്ചി: തൃപ്പൂണിത്തുറ എം.എല്‍.എ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചെന്നായിരുന്നു കെ.ബാബുവിനെതിരായ എം.സ്വരാജിന്റെ ആരോപണം. അതിനാല്‍ കെ.ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഹരജിയിലൂടെ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഈ ഹരജിയാണ് കോടതി തള്ളിയത്. ഇതോടെ കെ. ബാബുവിന് എംഎല്‍എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചന്നായിരുന്നു പ്രധാന ആരോപണം. കെ.ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് പേരില്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തിയെന്നും സ്വരാജ് ആരോപിച്ചിരുന്നു.