ദില്ലി:പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രതിരോധമുയര്‍ത്തിയിട്ടും മോദി ആക്ഷേപം തുടര്‍ന്നു. പ്രധാനമന്ത്രിയുടെ ആരോപണത്തോട് മുഖം തിരിച്ച രാഹുല്‍ ഗാന്ധി ആദിവാസികളെ ബിജെപി അപമാനിക്കുകയാണെന്ന് തിരിച്ചടിച്ചു. വര്‍ഗീയത ആളിക്കത്തിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി.
പ്രകടനപത്രികയിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ മുസ്ലീം പ്രീണനമായി ചിത്രികരിച്ച് ഭൂരിപക്ഷത്തെ അകറ്റാനുള്ള മോദിയുടെ നീക്കമെന്നാണ് ആക്ഷേപം.എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രചാരണം നടത്താനുള്ള അന്തരീക്ഷമുണ്ടാകണമെന്നും മോദിക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പരാമർശത്തിൽ ദുഃഖമുണ്ടെന്ന് പരാതി നല്‍കിയശേഷം കോണ്‍ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു. പ്രധാനമന്ത്രി സൈനികരുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും സല്‍മാൻ ഖുര്‍ഷിദ് ആരോപിച്ചു.
അതേ സമയം മോദി വിമര്‍ശനം തുടര്‍ന്നു. ലീഗിന്‍റെ നിലപാടുകളും ആവശ്യങ്ങളുമാണ് കോണ്‍ഗ്രസിന്‍റെ പത്രികയിലുള്ളതെന്ന് ഇന്നത്തെ റാലികളും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മോദിയുടെ ആരോപണം ഏറ്റെടുത്ത ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങിയെന്നതിന്‍റെ തെളിവാണ് വയനാട്ടിലെ രാഹുലിന്‍റെ പ്രചാരണത്തില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ കൊടി ഒഴിവാക്കിയതെന്ന് ആരോപിച്ചു.
അതേസമയം, ന്യൂനപക്ഷ പ്രീണന ആരോപണത്തെ തൊടാതെ ആദിവാസി വിരുദ്ധമാണ് ബിജെപി നിലപാടുകളെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. വനവാസികളെന്ന് വിളിച്ച് വില കുറച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും, ആദിവാസികളുടെ ഭൂമി അദാനിമാര്‍ക്ക് മോദി വിട്ടുനല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു.