ചെന്നൈ: ഇന്ത്യ സഖ്യത്തിൻറെ നേതാവ് രാഹുൽ ഗാന്ധിയാണ് എന്ന എംകെ സ്റ്റാലിന്റെ പരാമർശം പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ചർച്ചയാകുകയാണ്. മല്ലികാർജ്ജുന ഖർഗയുടെ പേര് സജീവമാക്കിയ നേതാക്കൾക്ക് സ്റ്റാലിൻറെ നിലപാട് തിരിച്ചടിയായി. പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടാവില്ല എന്ന നിലപാടിൽ ഉറച്ചു നില്ക്കും എന്നാണ് പല പ്രാദേശിക നേതാക്കളും നല്കുന്ന സൂചന.
രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കാൻ ഇന്ത്യ സഖ്യത്തിലെ പല കക്ഷികളും ഇനിയും തയ്യാറല്ല. ഈ സാഹചര്യത്തിൽ എംകെ സ്റ്റാലിൻ രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ കോൺഗ്രസിന് ആവേശം നൽകുകയാണ്. ഊർജ്ജസ്വലനായ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഇന്ത്യ സഖ്യത്തിൻറെ നേതാവ് രാഹുൽ ഗാന്ധിയാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു
രാഹുൽ ഗാന്ധിയല്ലാതെ ആരും തൽക്കാലം സർക്കാരിനെ എതിർക്കുന്ന മുന്നണിയിൽ സ്വീകാര്യനായി ഇല്ല എന്ന സന്ദേശം കൂടിയാണ് സ്റ്റാലിൻ നൽകുന്നത്. അരവിന്ദ് കെജ്രിവാളിന് ഉടൻ ജാമ്യം കിട്ടാനുള്ള സാധ്യത കാണുന്നില്ല. മമത ബാനർജി ഇടത് കക്ഷികൾക്ക് സ്വീകാര്യ അല്ല. അഖിലേഷ് യാദവും തേജസ്വി യാദവും പരസ്പരം അംഗീകരിക്കില്ല.
ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയാണ് തൽക്കാലം ഇന്ത്യ സഖ്യ പ്രചാരണത്തിൻറെ മുഖമായി മാറുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ പേര് എല്ലാ നേതാക്കളും അംഗീകരിക്കും. എന്നാൽ ഖർഗെയുടെ കാര്യത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നതയുണ്ട്. ഖർഗെയുടെ പേര് ചിലർ വയക്കുന്നത് രാഹുൽ ഗാന്ധിയെ വെട്ടാനാണ് എന്ന് എഐസിസിയിലെ രാഹുൽ അനുകൂല നേതാക്കൾ കരുതുന്നുണ്ട്.
രാഹുൽ ഗാന്ധി ജാതി സെൻസസ് എന്ന നയത്തിൽ ഉറച്ചു നിൽക്കുന്നത് സ്റ്റാലിൻ അടക്കമുള്ള നേതാക്കളുടെ ഈ പിന്തുണയ്ക്ക് കാരണമാകുകയാണ്. രാഹുലിന് അംഗീകാരം കൂടുമ്പോഴും പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന നിലയ്ക്ക് ഉയർത്തികാട്ടാൻ ഇന്ത്യ സഖ്യത്തിന് താല്പര്യമില്ല. മോദിക്കെതിരെ രാഹുൽ എന്ന പഴയ പ്രചാരണത്തിലേക്ക് കാര്യങ്ങൾ മടങ്ങുന്നത് ഗുണം ചെയ്യില്ല എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതിനാൽ തല്ക്കാലം രാഹുലിന് സ്വീകാര്യത കൂടുന്നെങ്കിലും എങ്ങനെയെങ്കിലും മോദിയുടെ സീറ്റുകൾ മാന്ത്രിക സംഖ്യയിൽ നിന്ന് താഴോട്ട് പോയാലേ ഇതിന് പ്രസക്തി ഉള്ളു.