ഒരു വാഹനം, ഒരു ഫാസ്ടാഗ്; കെവൈസി പൂര്‍ത്തിയായില്ലെങ്കില്‍ ഫാസ്ടാഗ് ഉപയോഗശൂന്യം; ഒരു ഫാസ്ടാഗ് ഒരു വാഹനത്തിന് മാത്രം

0
162

ദേശീയപാതാ അതോറിറ്റിയുടെ ‘ഒരുവാഹനം, ഒരു ഫാസ്ടാഗ്’ മാനദണ്ഡം നിലവില്‍വന്നു. ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒന്നിലധികം ഫാസ്ടാഗുകള്‍ ഒരുവാഹനത്തില്‍ ഉപയോഗിക്കുന്നതും തടയും. ഒരുവാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകള്‍ ഉണ്ടെങ്കില്‍ അതെല്ലാംകൂടി ഉപയോഗിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നൊഴിച്ച് ബാക്കിയുള്ളവ ഡീആക്ടിവേറ്റ് ചെയ്യണം.

ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും തട്ടിപ്പുകള്‍ തടയാനും ‘വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്ടാഗ്’ പദ്ധതി നടപ്പാക്കുമെന്ന് ജനുവരിയില്‍ ദേശീയപാതാ അതോറിറ്റി അറിയിച്ചിരുന്നു. ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും ഒന്നില്‍ക്കൂടുതല്‍ ഫാസ്ടാഗുകള്‍ ഒരു വാഹനത്തില്‍ ഉപയോഗിക്കുന്നതും അടക്കമുള്ള തട്ടിപ്പുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം.

ആര്‍.ബി.ഐ. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഫാസ്ടാഗ് ഉപയോക്താക്കളുടെ കെ.വൈ.സി. പ്രക്രിയ കൂടുതല്‍ കര്‍ശനമാക്കുമെന്ന് റോഡ് ഗതാഗത മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാത അടിസ്ഥാനവികസന സൗകര്യ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ കെ.വൈ.സി. പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഫാസ്ടാഗുകള്‍ ജനുവരി 31-നുശേഷം പ്രവര്‍ത്തിക്കില്ലെന്ന് മുമ്പുതന്നെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ടായിരുന്നു.

ഒരു വാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകള്‍ നല്‍കിയെന്നും ആര്‍.ബി.ഐ.യുടെ ഉത്തരവ് ലംഘിച്ച് കെ.വൈ.സി ഇല്ലാതെ ഫാസ്ടാഗുകള്‍ നല്‍കുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കെ.വൈ.സി. നടപടി സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേ അഥോരിറ്റി അധികൃതര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഏഴ് കോടി ഫാസ്റ്റാഗില്‍ നാല് കോടി മാത്രമാണ് ഇപ്പോള്‍ ആക്ടീവായിട്ടുള്ളത്.

ദേശീയപാതകളിലെ ടോള്‍നിരക്ക് വര്‍ധിപ്പിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ആകണമെന്ന് ദേശീയപാതാ അതോറിറ്റിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. നിരക്ക് കണക്കാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാം. സാധാരണ ഏപ്രില്‍ ഒന്നുമുതലാണ് ശരാശരി അഞ്ചുശതമാനം വാര്‍ഷിക ടോള്‍നിരക്കുവര്‍ധന നിലവില്‍വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here