ഈ കാറുകളുടെ വില കുത്തനെ കുറയും, നികുതി വെട്ടിക്കുറയ്ക്കാൻ നീക്കം!

0
220

രാജ്യത്തെ ഹൈബ്രിഡ് കാറുകൾക്കുള്ള ജിഎസ്‍ടി നിരക്കുകൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഈ കാറുകളുടെ ജിഎസ്‍ടി കുറയ്ക്കുന്ന കാര്യം ഇന്ത്യൻ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സൂചന നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്‍ടി അഞ്ച് ശതമാനമായും ഫ്‌ളെക്‌സ് എൻജിൻ വാഹനങ്ങൾക്ക് 12 ശതമാനമായും കുറയ്ക്കാനുള്ള നിർദ്ദേശം ധനമന്ത്രാലയത്തിന് അയച്ചതായി ഗഡ്‍കരി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകൾ.

ഇന്ത്യയിൽ നിലവിലുള്ള നിരവധി കാർ നിർമ്മാതാക്കൾ ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി കുറയ്ക്കാൻ സമ്മർദ്ദം നടത്തുന്ന സമയത്താണ് ഗഡ്‍കരി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങിയ പ്രമുഖ ഓട്ടോ കമ്പനികൾ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ശുദ്ധമായ പെട്രോൾ അല്ലെങ്കിൽ ശുദ്ധമായ ഡീസൽ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ മലിനീകരണം പുറന്തള്ളുന്ന ഹൈബ്രിഡ് കാറുകൾക്ക് കുറഞ്ഞ നികുതിക്ക് വേണമെന്ന് ഈ വാഹന നിർമ്മാതാക്കൾ ആവശ്യപ്പെടുന്നു. ഹൈബ്രിഡ് വാഹനങ്ങൾക്ക് നിലവിലെ സ്ലാബിൽ നിന്ന് 12 ശതമാനമായി നികുതി കുറയ്ക്കണമെന്ന് ഗഡ്കരി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. നിലവിൽ, നാല് മീറ്ററിന് താഴെയുള്ള ഹൈബ്രിഡ് കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും നാല് മീറ്ററിൽ കൂടുതലുള്ള ഹൈബ്രിഡ് വാഹനങ്ങൾക്ക് 43 ശതമാനവുമാണ് നികുതി.

അതേസമയം രാജ്യത്തെ നിരത്തുകളിൽ നിന്നും പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഗഡ്‍കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. . പെട്രോൾ, ഡീസൽ കാറുകൾ പൂർണമായും ഒഴിവാക്കുന്നത് ഇന്ത്യക്ക് സാധ്യമാണോ എന്ന ചോദ്യത്തിന് നൂറ് ശതമാനം സാധ്യമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഗഡ്‍കരിയുടെ മറുപടി.  ഇത് ബുദ്ധിമുട്ടാണെന്നും പക്ഷേ അസാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയരുന്നു. ഇന്ത്യയെ ഹരിത സമ്പദ്‌വ്യവസ്ഥയാക്കാനുള്ള തൻ്റെ അഭിലാഷത്തിൻ്റെ ഭാഗമായി, 36 കോടിയിലധികം വരുന്ന പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് ഇന്ത്യയെ പൂർണമായും ഒഴിവാക്കുമെന്നാണ് ഗഡ്കരിയുടെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകൾ.

ഇന്ത്യ പ്രതിവർഷം 16 ലക്ഷം കോടി രൂപയാണ് ഇന്ധന ഇറക്കുമതിക്കായി ചെലവഴിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ഇന്ധന ഇറക്കുമതി അവസാനിപ്പിക്കാനാകുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി ഗഡ്‍കരി പറയുന്നു. ഫോസിൽ ഇന്ധനത്തിൻ്റെ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ കർഷകരുടെ ജീവിതം മെച്ചപ്പെടുത്താനും ഗ്രാമങ്ങൾ സമൃദ്ധമാകാനും യുവാക്കൾക്ക് തൊഴിൽ ലഭിക്കാനും ഈ പണം ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു. അതേസമയം ഈ ലക്ഷ്യം കൈവരിക്കുന്നതിന് അദ്ദേഹം സമയക്രമമൊന്നും നൽകിയിട്ടില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here