ബദിയടുക്ക(www.mediavisionnews.in): നൂറ് കോടിയിലധികം ചെലവഴിച്ച് ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിൽ പ്രവർത്തി പുരോഗമിക്കുന്ന കാസറഗോഡ് മെഡിക്കൽ കോളേജ് മാറ്റണമെന്ന് പറയാൻ അതിന് വേണ്ടി നാളിതു വരേ ചെലവഴിച്ച സർക്കാർ പണം കരുണാകരൻ എം.പിയുടെ കുടുംബ സ്വത്തല്ലെന്ന് യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ഇഖ്ബാൽ ഫുഡ്മാജിക്, ജനറൽ സെക്രട്ടറി ഹൈദർ കുടുപ്പംകുഴി എന്നിവർ പ്രസ്താവിച്ചു .
ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജ് വേണ്ട എന്ന് പറയുന്നത് എയിംസ് എന്ന പേരിൽ പാർട്ടി ഗ്രാമത്തിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ വേണ്ടിയാണ്. ബദിയടുക്കയിൽ നിന്നും താലൂക്ക് ആശുപത്രിയും ആർദ്രം പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന 24 മണിക്കൂർ കാഷ്വാലിറ്റിയേയും കുഞ്ഞിരാമൻ എംഎൽഎ ഭരണത്തിന്റെ ഹുങ്കിൽ ബേഡടുക്കയിലേക്ക് കൊണ്ട് പോയതും ഇതേ അടവ് നയം പറഞ്ഞിട്ടാണ്.
കാസറഗോഡ് മെഡിക്കൽ കോളേജിനെ മറ്റു മണ്ഡലത്തിലേക്ക് കൊണ്ട് പോകാൻ കരുണാകരൻ എംപി ശ്രമിച്ചാൽ, എംപിയുടെ വസതിക്കു മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്നും എൻഡോസൾഫാൻ രോഗികളെ അദ്ദേഹത്തിന്റെ വസതിയിൽ കൊണ്ട് പോകുമെന്നും സംയുക്ത പ്രസ്താവനയിൽ യൂത്ത് ലീഗ് മുന്നറിയിപ്പ് നടത്തി.