കാസർകോട് മദ്രസാ അധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസ് തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും വീഴ്ച. വിധിപ്പകര്‍പ്പിലാണ് ഗുരുതരവീഴ്ചകള്‍ എണ്ണിപ്പറയുന്നത്. കൊലയിലേക്ക് നയിച്ച കാരണങ്ങള്‍ തെളിയിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. പ്രതികള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും സാധിച്ചില്ല. റിയാസ് മൗലവി വധിക്കേസില്‍ നടന്നത് നിലവാരമില്ലാത്ത അന്വേഷണമെന്ന് കോടതി. പ്രതികള്‍ക്ക് മുസ്്ലിം സമുദായത്തോടുള്ള വെറുപ്പ് കൊലയ്ക്ക് കാരണമാണ്. പക്ഷേ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നും വിധിപ്പകര്‍പ്പ് പറയുന്നു.
മുറിയില്‍നിന്ന് കണ്ടെടുത്ത ഫോണും മെമ്മറി കാര്‍ഡുകളും പരിശോധിച്ചില്ല. ഇത് സംശയം ജനിപ്പിക്കുന്നതെന്ന് വിധിപ്പകര്‍പ്പില്‍ നിരീക്ഷണം. മരണത്തിന് മുന്‍പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്തിയില്ല. അതിനുള്ള അവസരം അന്വേഷണസംഘം നഷ്ടപ്പെടുത്തിയെന്നും കോടതി.
ഒന്നാം പ്രതിയുടെ വസ്ത്രങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് നല്‍കിയില്ലെന്ന് കോടതി. അതിനാല്‍ വസ്ത്രങ്ങള്‍ പ്രതിയുടേതാണോ എന്ന് വ്യക്തമായില്ല. അന്വേഷണം ഏകപക്ഷീയമായിരുന്നു എന്ന് കരുതാന്‍ സാധിക്കും. തെളിവെടുപ്പില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് കരുതുന്നതായും കോടതി.
കേസില്‍ പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകരെയും കാസർകോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. കേളുഗുഡെ അയ്യപ്പനഗർ അജേഷ് , കേളുഗുഡെയിലെ നിതിൻ, ഗംഗൈ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. ഡിഎന്‍എ തെളിവിനു പോലും വിലകല്‍പിച്ചില്ലെന്നും അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നീതി ലഭിച്ചില്ലെന്ന് റിയാസ് മൗലവിയുടെ കുടുംബം പ്രതികരിച്ചു. 2017 മാർച്ച് 21നു രാത്രിയാണ് റിയാസ് മൗലവിയെ പള്ളിമുറിയിൽ അതിക്രമിച്ചു കയറിയ സംഘം കഴുത്തറുത്തു കൊല ചെയ്തത്.
മൂന്ന് പ്രതികളെയും വെറുതെ വിട്ടു എന്ന ഒറ്റ വരിയിലായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ കെ ബാലകൃഷ്ണന്റെ വിധി. വിധി പറഞ്ഞതും കോടതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ സൈദ.
റിയാസ് മൗലവിക്ക് നീതി ലഭിച്ചില്ലെന്നും, കോടതി വിധി ദൗർഭാഗ്യകരമെന്നുമാണ് പ്രോസിക്യൂഷന്റെ പ്രതികരണം.
ഡിഎൻഎ തെളിവിനു പോലും കോടതി വില കല്പിച്ചില്ല. അപ്പീൽ നൽകും. നീതി ലഭിച്ചെന്ന് പ്രതിഭാഗം. പൊലീസിന്റെ മുഖം രക്ഷിക്കാനാണ് നിരപരാധികളായ മൂന്ന് ചെറുപ്പക്കാരെ ബലിയാടാക്കിയത്. വർഗീയ ലഹളയുണ്ടാക്കാൻ ചൂരിയിലെ മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ 2017 മാർച്ച് ഇരുപതിന് പ്രതികൾ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഹൈക്കോടതി പോലും ജാമ്യം നിക്ഷേധിച്ച് ഏഴ് വർഷമായി പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.