കാസർകോട്: കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ ആർ.എസ്.എസുകാരായ മൂന്ന് പ്രതികളെ വെറുതെവിട്ട കോടതി വിധി വേദനാജനകമെന്ന് ആക്ഷൻ കമ്മിറ്റി. ഹൈകോടതി അടക്കം ജാമ്യം നിഷേധിച്ച് തടങ്കലിൽ പാർപ്പിച്ചിരുന്ന പ്രതികളെ ശിക്ഷിക്കുമെന്നാണ് കരുതിയത്. കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസം കുറഞ്ഞു വരുന്ന അവസ്ഥയാണെന്നും ഭാരവാഹി ചൂണ്ടിക്കാട്ടി.
കാസർകോട് ജില്ലയിൽ നടന്ന വർഗീയ സംഘർഷം അടക്കമുള്ള കേസുകളിൽ പ്രതികളെ ശിക്ഷിച്ചിട്ടില്ല. മുസ് ലിംകൾ മരിച്ച 11 കേസുകളിലും അമുസ് ലിംകൾ മരിച്ച മൂന്ന് കേസുകളിലും പ്രതികളെ ശിക്ഷ ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് സംഘർഷങ്ങൾ ആവർത്തി കൊണ്ടിരുന്നതെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹി ചൂണ്ടിക്കാട്ടി.
കാസര്‍കോട് ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെയാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. പ്രതികളും ആർ.എസ്.എസ് പ്രവർത്തകരുമായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്നു ദിവസത്തിനകം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതികള്‍ ജയിലില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്.