കാസർകോട്: ഉപ്പളയിലെ എ.ടി.എമ്മിൽ പണം നിറയ്ക്കാനെത്തിയ സ്വകാര്യ ഏജൻസിയുടെ വാഹനത്തിന്റെ ചില്ല് പൊട്ടിച്ച് അരക്കോടി രൂപ കവർന്ന സംഭവത്തിനുപിന്നിൽ തമിഴ്‌നാട്ടിൽനിന്നുള്ള മൂന്നംഗ സംഘമെന്ന് സൂചന. ഉപ്പള ടൗണിലെ സി.സി.ടി.വി. പരിശോധിച്ചതിൽ ബാഗുമായി പോകുന്ന ഒരാളുടെ ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് വിവരങ്ങൾ കിട്ടിയത്. ബാഗുമായി കടന്നയാളും മറ്റു രണ്ടുപേരും മംഗളൂരുഭാഗത്തുനിന്ന് ബസിൽ വന്നിറങ്ങുന്നതിന്റെയും കവർച്ചയ്ക്കുശേഷം ഉപ്പളയിൽനിന്ന് ഓട്ടോയിൽ കയറി കുമ്പള ഭാഗത്തേക്ക് പോകുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് കിട്ടി.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. സമീപത്തെ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളിലാണ് ഒരാൾ ബാഗുമായി ദേശീയപാത മുറിച്ചുകടന്ന് ബസ്‌സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്നത് കണ്ടത്. അതോടെ ഉപ്പള ടൗണിലെ ഭൂരിഭാഗം സി.സി.ടി.വി. ക്യാമറയും പോലീസ് പരിശോധിച്ചു. രാവിലെ മുതലുള്ള സി.സി.ടി.വി. ദൃശ്യങ്ങളിലാണ് മൂന്നുപേർ ബസിൽ ഉപ്പള ടൗണിൽ ഇറങ്ങുന്നതുൾപ്പെടെ കാണുന്നത്.
മംഗളൂരുവിൽ സമാനമായ രീതിയിൽ ബുധനാഴ്ച രാവിലെ വാഹനത്തിന്റെ ചില്ല് പൊട്ടിച്ച് ഒരു ലാപ്‌ടോപ്പ് കവർന്നിരുന്നു. അതും ഇതേ സംഘമാണെന്നാണ് പോലീസ് കരുതുന്നത്. തമിഴ്‌നാട്ടിൽ ഇത്തരത്തിൽ കവർച്ച നടത്തുന്ന സംഘമുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം പണം കൊണ്ടുപോകുന്ന വാഹനത്തിന് മതിയായ സുരക്ഷാസംവിധാനമില്ലാതിരുന്നതെന്തുകൊണ്ടെന്ന് വിശദീകരിക്കാൻ സ്വകാര്യ ഏജൻസിക്കായിട്ടില്ല. 1.65 കോടിയാണ് വാഹനത്തിൽ ആകെയുണ്ടായിരുന്നത്. അതിൽ 20 ലക്ഷം ഒരു എ.ടി.എമ്മിൽ നിക്ഷേപിച്ചിരുന്നു. ബാക്കിയുള്ള 1.45 കോടിയുമായാണ് ഉപ്പളയിലെത്തിയത്. വാഹനത്തിനകത്തെ ലോക്കറിലായിരുന്നു പണമുണ്ടായിരുന്നത്. അതിൽനിന്ന് 70 ലക്ഷം ബാഗിലാക്കി പുറത്തെടുത്ത് 20 ലക്ഷം ഉപ്പളയിലെ എ.ടി.എമ്മിൽ നിക്ഷേപിക്കാൻ പോയി. വാഹനത്തിന്റെ സീറ്റിൽ വെച്ച 50 ലക്ഷം രൂപയാണ് കവർന്നത്.