ഉപ്പള ടൗണിൽ രാത്രികാലങ്ങളിൽ പോലീസ് നിർബ്ബന്ധിച്ച് കടയടപ്പിക്കുന്നതിരെ പരിഹാരം തേടി ജില്ലാ കളക്ടർക്ക് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ നിവേദനം നൽകി. കടുത്ത വേനൽ ചൂട് കാരണവും പകൽ സമയങ്ങളിൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ കൊണ്ടും റോഡുകളിലുള്ള ട്രാഫിക് ബ്ലോക്കുകൾ കാരണം ജനങ്ങളും പ്രത്യേകിച്ച് വിശ്വാസികളും പകൽ സമയങ്ങളിൽ ടൗണിലേക്ക് വരുന്നത് കുറവാണ്. ഇവർ അവരുടെ ആവശ്യങ്ങൾക്കായി രാത്രികാലങ്ങളിലാണ് ടൗണിലേക്ക് വരുന്നത്. ഇത്തരം വ്യക്തമായ ന്യായീകരണങ്ങൾ ഉള്ളത് കൊണ്ട് പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടികൾ പ്രതിഷേധാർഹമാണ്. കൂടാതെ ഗുരുതര സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന വ്യാപാരികൾക്ക് അത് മറികടക്കാനുള്ള ഒരു സമയം കൂടിയാണ് റംസാൻ കാലം. ഈ സമയത്ത് നിർബ്ബന്ധിച്ച് കടയടപ്പിക്കുന്നത് വ്യാപാരികൾക്ക് വലിയ രീതിയിലുള്ള സാമ്പത്തിക പ്രയാസം സൃഷ്ടിക്കും.
ഇത്തരം പ്രശ്നങ്ങൾ മുൻഗണനയ്ക്കെടുത്ത് പെരുന്നാൾ കഴിയുന്നത് വരെയെങ്കിലും രാത്രികാലങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത് അനുവദിക്കണമെന്ന് ഗോൾഡൻ റഹ്മാൻ ജില്ലാ കളക്ടർക്കും, ജില്ലാ പോലീസ് മേധാവിക്കും, ഡി.വൈ.എസ്.പി ക്കും സമർപ്പിച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.