തിന്മയുടെ മേൽ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന ഒരു ഹൈന്ദവ ഉത്സവമായ ഹോളിക ദഹന്‍റെ തീക്കനലിലേക്ക് ഒരു ആൺകുട്ടിയെ എടുത്തിടുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിലെ ബിസ്രാഖ് ഗ്രാമത്തിൽ ആണ് സംഭവം നടന്നത്. വീഡിയോയിൽ ആറോളം വ്യക്തികൾ ചേർന്ന് ഒരു ആൺകുട്ടിയെ എരിയുന്ന തീക്കനലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സംഭവം നടക്കുന്നതിന് സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്.
ആൺകുട്ടിയെ തീയിലേക്ക് വലിച്ചെറിഞ്ഞ സംഘം, സ്ഥലത്ത് എത്തുന്നതുവരെ ആളുകൾ സന്തോഷത്തോടെ ഉത്സവം ആഘോഷിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തീയിലേക്ക് എടുത്തെറിയപ്പെട്ട പിന്നീട് കുട്ടിയെ ഏതാനും പേർ ചേർന്ന് രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതും വീഡിയോയില്‍ കാണാം. കുട്ടിയുടെ കാലിൽ പൊള്ളലേറ്റതിനാൽ വൈദ്യസഹായം ആവശ്യമായി വന്നതായാണ് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നത്. കവിത ചൗഹാൻ എന്ന ജേണലിസ്റ്റ് ആണ് ഈ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കൊണ്ട് സംഭവത്തിലേക്ക് പോലീസിന്‍റെ ശ്രദ്ധ ക്ഷണിച്ചത്. ഒപ്പം പൊള്ളലേറ്റ കുട്ടിയുടെ കാലിന്‍റെ ചിത്രവും ഇവർ പങ്കുവെച്ചു. സംഭവം നടന്നത് ‘ഗൗർ സിറ്റി ഗാലക്‌സി വണ്ണിൽ’ ആണെന്നും ഇവർ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
दोस्त बने भेड़िया, मानव के रूप में भेड़ियों ने अपने ही दोस्त को श होलिका दहन में फेंक दिया, जिससे बच्चे के दोनों पैर जल गए, यह मामला गौर सिटी गैलेक्सी वन का है। थाना बिसरख @dgpup @Uppolice @noidapolice pic.twitter.com/Wm0ATpZnyv
— kavita Chauhan Journalist (@kavitaChau32946) March 25, 2024
വീഡിയോ വൈറലായതോടെ സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കണമെന്ന ആവശ്യം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും, സംഭവസ്ഥലത്തിന് അടുത്തുള്ള ബിസ്രാഖ് പോലീസ് സ്‌റ്റേഷൻ നടത്തിയ അന്വേഷണത്തിൽ കുട്ടി തന്‍റെ സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതായി സെൻട്രൽ നോയിഡയിലെ ഡിസിപി തന്‍റെ സാമൂഹിക മാധ്യമ പേജിലൂടെ വെളിപ്പെടുത്തി. ‘ചില സമയങ്ങളിൽ സുഹൃത്തക്കളായിരിക്കും ഏറ്റവും വലിയ ശത്രക്കളെ’ന്നായിരുന്നു കുറിപ്പിന് താഴെ നിരവധിപ്പേർ അഭിപ്രായപ്പെട്ടത്.