പൈവളിഗെ പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസത്തിന് വോട്ടിട്ട് കോൺഗ്രസ്; മുസ്ലിം ലീഗെതിര്‍ത്തു, എൽഡിഎഫിന് ജയം

0
237

കാസര്‍കോട്: പൈവളിക പഞ്ചായത്ത് പ്രസിഡന്‍റിന് എതിരേയുള്ള അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണ. പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എട്ട് ബിജെപി അംഗങ്ങള്‍ക്കൊപ്പം പതിനഞ്ചാം വാര്‍ഡ് മെമ്പറും പഞ്ചായത്തിലെ കോൺഗ്രസിന്റെ ഏക അംഗവുമായ അവിനാശ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. എന്നാൽ പഞ്ചായത്തിലെ രണ്ട് മുസ്ലിം ലീഗ് അംഗങ്ങൾ അവിശ്വാസത്തെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ എട്ട് സീറ്റുള്ള എൽഡിഎഫ് ഭൂരിപക്ഷം നിലനിര്‍ത്തി.

പഞ്ചായത്തിൽ ആറ് സീറ്റാണ് സിപിഎമ്മിനുള്ളത്. ഒരു സ്വതന്ത്ര അംഗവും സിപിഐ അംഗവും ചേര്‍ന്നാണ് എൽഡിഎഫിന് എട്ട് സീറ്റുള്ളത്. എട്ട് സീറ്റുള്ള ബിജെപിയാണ് പഞ്ചായത്തിലെ വലിയ ഒറ്റ കക്ഷി. യുഡിഎഫിന് ആകെയുള്ള മൂന്ന് സീറ്റിൽ ഒന്ന് കോൺഗ്രസിനും രണ്ടെണ്ണം മുസ്ലിം ലീഗിനുമാണ്. മുസ്ലിം ലീഗ് അംഗങ്ങളായ സിയ സുനീസയും സുൽഫിക്കര്‍ അലിയുമാണ് അവിശ്വാസ പ്രമേയത്തിൽ ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടത്. എന്നാൽ ഏക കോൺഗ്രസ് അംഗം ബിജെപിക്ക് വോട്ട് ചെയ്തത് വലിയ വിമ‍ര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാസ‍ര്‍കോട് മണ്ഡലം കോൺഗ്രസ് സ്ഥാനാ‍ര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി പ്രചാരണത്തിന് എത്തിയ ശേഷമാണ് ഇന്ന് ഇദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്തതെന്നാണ് സിപിഎം കേന്ദ്രങ്ങൾ വിമര്‍ശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here