തന്നെ വിവാഹം കഴിച്ചാൽ വഹിക്കേണ്ടി വരുന്ന ചെലവുകളുടെ കണക്ക് നിരത്തിയ യുവതിയുമായുള്ള വിവാഹത്തിൽ നിന്നും യുവാവ് പിന്മാറി. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യാ സ്വദേശിയായ വാങിനാണ് ചെലവുകളുടെ കണക്ക് കേട്ടതോടെ വിവാഹത്തിൽ നിന്നും പിന്മാറേണ്ടി വന്നത്.
35 കാരനായ വാങ് ഈ മാസം ആദ്യമാണ് യുവതിയെ പരിചയപ്പെടുന്നത്. യുവതിയോട് അടുത്ത് ഇടപഴകിയപ്പോൾ താൻ ആഗ്രഹിച്ച പോലൊരു ബന്ധമാണ് ഇതെന്ന് വാങ് കരുതി. എന്നാൽ അന്ന് വൈകുന്നേരം തന്നെ ഭാവിയിലെ ചെലവ് കണക്കുകളുടെ ഒരു നീണ്ട നിര യുവതി വാങിന് അയച്ചു നൽകി. അക്ഷരാർത്ഥത്തിൽ ഞെട്ടിയ വാങ് വിവാഹത്തിൽ നിന്നും പിന്മാറി. യുവതി അയച്ചു നൽകിയ കണക്കുകൾ അനുസരിച്ച് ഓരോ മാസവും സാധനങ്ങൾ വാങ്ങുന്നതിനും, യാത്രാ ചെലവിനും, വസ്ത്രങ്ങൾ വാങ്ങുന്നതിനും, ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിനുമായി 9,900 യുവാൻ ചെലവാക്കേണ്ടി വരുമെന്ന് വാങ് പറഞ്ഞു. കൂടാതെ തന്റെ വാർഷിക ശമ്പളം 200,000 യുവാനായി ഉയർത്തണമെന്നും ഭാവിയിൽ പണത്തിന്റെ പേരിൽ നമ്മൾ ഒരുപാട് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും കൂടാതെ മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നതിനാൽ വാങിന് ഇത്തരം ചെലവുകളെക്കുറിച്ച് വലിയ ധാരണ ഉണ്ടാകില്ലെന്നും യുവതി പറഞ്ഞതായി വാങ് വെളിപ്പെടുത്തി.
എന്നാൽ താൻ വളരെ ലളിതമായ ഒരു ജീവിതവും പ്രണയവുമാണ് ആഗ്രഹിക്കുന്നതെന്നും ഇത്തരം വലിയ കണക്ക് കൂട്ടലുകൾ നടത്തിയുള്ള ജീവിതത്തോട് താൽപ്പര്യമില്ലെന്നും വാങ് പറഞ്ഞു. റിപ്പോർട്ട് അനുസരിച്ച് വാങിന്റെ രണ്ടാമത്തെ ഡേറ്റിംഗ് ആയിരുന്നു ഇത്. ആദ്യം ഡേറ്റ് ചെയ്ത യുവതി ഒരു ദിവസം കിടന്ന അതേ കിടക്കയിൽ വീണ്ടും കിടക്കാൻ സാധിക്കില്ലെന്നു പറഞ്ഞതായിരുന്നു വാങുമായി പിരിയാനുണ്ടായ കാരണമെന്നാണ് വിവരം.