കഅ്ബയുടെ പവിത്രതയെയും അതിന്റെ പദവിയെയും മാനിച്ചും ഹറമിലെ മര്യാദകൾ പാലിച്ചും ത്വവാഫ് ചെയ്യണം. അനുചിതമായ പെരുമാറ്റം ഒഴിവാക്കണം. ഹജ്റുൽ അസ്വദിനെ മുത്താൻ ആഗ്രഹിക്കുന്നവർ സാധ്യമാണെങ്കിൽ തിരക്കില്ലാത്ത സമയം തിരഞ്ഞെടുക്കുക. ത്വവാഫിന്റെ രണ്ട് റക്അത്ത് നമസ്കാരം ഹറമിലെ എവിടെ വെച്ചും നിർവഹിക്കാം. മറ്റുള്ളവരെ അപകടത്തിലാക്കിയേക്കാവുന്ന ‘തള്ളൽ’ പോലെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്നു. ഹറമിലെത്തിയാൽ ഫോട്ടോഗ്രഫി എടുക്കുന്നതിൽ മുഴുകരുതെന്നും പൂർണമായും ആരാധനകളിൽ മുഴുകണമെന്നും ഇരുഹറം കാര്യാലയം ആവശ്യപ്പെട്ടു.
ഉംറ തീർഥാടകർ ആചാരങ്ങൾ കൃത്യമായി നിർവഹിക്കാൻ പ്രതിജ്ഞാബദ്ധരാകണം. സംശയമോ അറിയില്ലായ്മയോ തോന്നുന്നുവെങ്കിൽ ഹറമിൽ ഉടനീളമുള്ള ഫത്വ ഓഫിസുകളിൽ പോയി അന്വേഷിക്കാവുന്നതാണ്. മത്വാഫിലെ ജോലിക്കാരുമായി സഹകരിക്കണം. അവരുടെ നിർദേശങ്ങൾ പാലിക്കുന്നത് ഹറമിലെ സന്ദർശകർക്കും തീർഥാടകർക്കും സുരക്ഷിതത്വത്തിനും സൗകര്യത്തിനും സഹായിക്കുമെന്ന് ഇരുഹറം കാര്യാലയം പറഞ്ഞു.