ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ കോടികളുടെ സമ്മാനം നേടി ഇന്ത്യക്കാരനും യുഎഇ സ്വദേശിയും. 10 ലക്ഷം ഡോളര്‍ (8 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഇവര്‍ സ്വന്തമാക്കിയത്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ 453-ാമത് സീരീസ് നറുക്കെടുപ്പിലൂടെ ദുബൈയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ മുഹമ്മദ് ജമാല്‍ ഇല്‍മിയുടെ ജീവിതമാണ് ഒറ്റ രാത്രിയില്‍ മാറിമറിഞ്ഞത്. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ പ്രൊമോഷനില്‍ സമ്മാനം നേടുന്ന 226-ാമത് ഇന്ത്യക്കാരനാണ് ഇല്‍മി. 0121 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഫെബ്രുവരി 27ന് സ്പെയിനിലെ മഡ്രിഡിലേക്കുള്ള യാത്രക്കിടെയാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. മില്ലെനിയം മില്ലനയര്‍ 454-ാമത് സീരീസ് നറുക്കെടുപ്പില്‍ യുഎഇ സ്വദേശിയായ മുഹമ്മദ് അല്‍ ഷെഹിയാണ് മറ്റൊരു വിജയി. 2637 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇദ്ദേഹവും 10 ലക്ഷം ഡോളര്‍ സമ്മാനമായി നേടി. മാര്‍ച്ച് 10ന് ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ പ്രൊമോഷന്‍റെ തുടക്കകാലം മുതല്‍ ഇതുവരെ സമ്മാനം നേടുന്ന 14-ാമത്തെ യുഎഇ സ്വദേശിയാണ് ഇദ്ദേഹം.
മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പിന് പിന്നാലെ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയും നടന്നു. രണ്ട് ആഡംബര കാറുകളും രണ്ട് മോട്ടോര്‍ബൈക്കുകളുമായി വിജയികള്‍ക്ക് ലഭിച്ചത്. പ്രവാസിയായ നദീം ഹസ്സന്‍ ബിഎംഡബ്ല്യൂ 740ഐ എം സ്പോര്‍ട്ട് കാര്‍ സ്വന്തമാക്കി. ദുബൈയില്‍ താമസിക്കുന്ന യുഎഇ സ്വദേശി അലി അഹ്മദ് അല്‍ബസ്തകി മെര്‍സിഡിസ് ബെന്‍സ് എസ്500 കാറാണ് നേടിയത്. അതേസമയം മലയാളിയായ ഷറഫുദീൻ മാടമ്പില്ലത്ത് ബിഎംഡബ്ല്യു ആർ18 ഒക്‌ടെയ്ൻ മോട്ടർബൈക്ക് സ്വന്തമാക്കി. ഫിലിപ്പീന്‍സ് സ്വദേശി സെസില്ലെ ആന്‍ ഹോള്‍മാന്‍സ് ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ മോട്ടോര്‍ബൈക്കും സ്വന്തമാക്കി.