ബുക്ക് ചെയ്തവര്‍ വെയ്റ്റിങ് ലിസ്റ്റിലായാലും റെയിൽവേക്ക് ചാകര, ടിക്കറ്റ് റദ്ദാക്കിയത് വഴി നേടിയത് 1230 കോടി!

0
103

ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ടിക്കറ്റ് കാന്‍സലേഷന്‍ വഴി റെയില്‍വേക്ക് കോടികളുടെ  വരുമാനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ ടിക്കറ്റ് റദ്ദാക്കിയത് കാരണമാണ് ഇത്രയും തുക റെയില്‍വേക്ക് ലഭിച്ചത്. 2021 ജനുവരി മുതല്‍ 2024 ജനുവരിയുള്ള കണക്കാണ് റെയില്‍വേ പുറത്തുവിട്ടത്. ഇക്കാലയളവില്‍ ഈ ഇനത്തില്‍ 1229.85 കോടി രൂപ ലഭിച്ചെന്ന് റെയില്‍വേ വ്യക്തമാക്കി. 2021ല്‍ ഈ ഇനത്തില്‍ 243 കോടിയായിരുന്നു വരുമാനം. എന്നാല്‍, തൊട്ടടുത്ത വര്‍ഷങ്ങളില്‍ 439 കോടിയായും 505 കോടിയായും ഉയര്‍ന്നു.

ഈ വര്‍ഷം ജനുവരിയില്‍ മാത്രം ഈ ഇനത്തില്‍ 45.86 കോടി റെയില്‍വേക്ക് ലഭിച്ചു. 2021ല്‍ 2.53 കോടി ടിക്കറ്റുകളാണ് റദ്ദാക്കപ്പെട്ടത്. 2022ല്‍ 4.6 കോടിയും 2023ല്‍ 5.26 കോടിയും ടിക്കറ്റുകള്‍ ഇത്തരത്തില്‍ റദ്ദാക്കി. ട്രെയിനില്‍ അനുവദിക്കപ്പെട്ട സീറ്റുകളുടെ ഇരട്ടിയിലധികം ടിക്കറ്റുകള്‍ വില്‍പന നടത്തിയാണ് റെയില്‍വേ ഇത്തരത്തില്‍ വരുമാനമുണ്ടാക്കുന്നതെന്ന് ആരോപണമുയര്‍ന്നു.  

LEAVE A REPLY

Please enter your comment!
Please enter your name here