ലഖ്‌നൗ: ഭീകരവാദ പ്രവർത്തനത്തിനു ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി ബി.ജെ.പിയിൽ. ലഷ്‌കറെ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭീകരവിരുദ്ധ സംഘം(എ.ടി.എസ്) അറസ്റ്റ് ചെയ്ത സഞ്ജയ് സരോജിനെയാണ് ഹാരാർപ്പണം നടത്തി പാർട്ടിയിലേക്കു സ്വീകരിച്ചത്. യു.പിയിൽനിന്നുള്ള ബി.ജെ.പി എം.പി സംഗംലാൽ ഗുപ്തയാണ് സനോജിന് പാർട്ടി അംഗത്വം നൽകിയത്. പ്രതാപ്ഗഡിലെ പൃഥ്വിഗഞ്ചിൽ നടന്ന ഒരു ബി.ജെ.പി പരിപാടിയിലാണു സ്വീകരണം നൽകിയത്.
2018ലാണ് യു.പി എ.ടി.എസ് സഞ്ജയ് സരോജിനെ വീട്ടിൽനിന്നു പിടികൂടുന്നത്. ലഷ്‌കറുമായി ബന്ധമുണ്ടെന്നും ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് എത്തിച്ചുനൽകുന്നുവെന്നതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. ഇതേ കുറ്റം ആരോപിക്കപ്പെട്ട് പത്തുപേർ ഈ സമയത്ത് യു.പിയിൽ എ.ടി.എസിന്റെ പിടിയിലായിരുന്നു. ഇതിൽ എട്ടുപേർ യു.പിയിൽനിന്നുള്ളവരും ഒരാൾ ബിഹാർ സ്വദേശിയും മറ്റൊരാൾ മധ്യപ്രദേശ് സ്വദേശിയുമാണ്. സഞ്ജയ് സരോജിന്റെ വീട്ടിൽനിന്ന് 27 പാസ്ബുക്കുകൾ പിടിച്ചെടുക്കുകയും നേപ്പാളിലും ബംഗ്ലാദേശിലുമുള്ള അക്കൗണ്ടുകളിലേക്ക് പണം അയച്ചതിനുള്ള തെളിവ് കണ്ടെത്തുകയും ചെയ്തതായി അന്ന് യു.പി എ.ടി.എസ് തലവനായിരുന്ന അസീം അരുൺ വാദിച്ചിരുന്നു. വർഷങ്ങൾ തടവുശിക്ഷ അനുഭവിച്ച ശേഷം അടുത്തിടെയാണു ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിനുശേഷമാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.