അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് വെള്ളിയാഴ്ച തുടങ്ങുകയാണ്. പേസർ മുഹമ്മദ് ഷമിയുടെ അഭാവമാണ് ഗുജറാത്തിന് തിരിച്ചടിയാകുന്നത്. വലത് ഉപ്പൂറ്റിക്ക് പരിക്കേറ്റ താരം ഏറെ നാളായി ചികിത്സയിലാണ്. ഇതോടെ ഷമിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്.
മലയാളിയും തമിഴ്നാട് പേസറുമായ സന്ദീപ് വാര്യറാണ് ഷമിയുടെ പകരക്കാരൻ. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയാണ് താരത്തിന് ലഭിക്കുക. മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നു സന്ദീപ് വാര്യർ. എന്നാൽ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.
കേരളത്തിലെ തൃശൂർ സ്വദേശിയാണ് സന്ദീപ്. ഈ സീസണിൽ മൂന്ന് മലയാളി താരങ്ങളാണ് ഐപിഎൽ കളിക്കുന്നത്. സഞ്ജു സാംസൺ രാജസ്ഥാൻ ടീമിന്റെ നായകനാണ്. മുംബൈ ടീമിനായാണ് വിഷ്ണു വിനോദ് കളിക്കുന്നത്. മലയാളി അല്ലെങ്കിലും കേരളാ ക്രിക്കറ്റ് താരമായ ശ്രേയസ് ഗോപാലും രാജസ്ഥാൻ നിരയിലുണ്ട്.