തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്‍കുമെന്നു പ്രചരിപ്പിച്ച് തട്ടിപ്പ് നടക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്ലാനില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാര്‍ജ് സ്‌ക്രാച്ച് കാര്‍ഡുകള്‍ എന്ന പേരിലാണ് ലിങ്കുകള്‍. ‘ഫ്രീ റീചാര്‍ജ് യോജന’ തുടങ്ങിയ പേരിലുള്ള സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. തുടര്‍ന്ന് റീചാര്‍ജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് ഈ സന്ദേശം അയയ്ക്കണമെന്നും അറിയിക്കും. ഇതിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയാണ്. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളില്‍ അകപ്പെടുകയോ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.