‘ആരാവണം പ്രധാനമന്ത്രി?’..ബി.ജെ.പി നേതാവിന്റെ ‘വോട്ടിങ്ങി’ൽ രാഹുൽ ഗാന്ധി ബഹുദൂരം മുന്നിൽ

0
257

ന്യൂഡൽഹി: ‘2024 ലോക് സഭ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പദത്തിലേക്ക് ജനങ്ങൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത് ആരെയാണ്?’..ഡോ. പ്രിയങ്ക മൗര്യയെന്ന ബി.ജെ.പി നേതാവ് തന്റെ ‘എക്സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചോദ്യത്തിന് പക്ഷേ, അവർ ആ​ഗ്രഹിച്ച ഉത്തരമല്ല ആളുകൾ നൽകുന്നതെന്നുമാത്രം. ചോദ്യത്തിന് രണ്ട് ഉത്തരങ്ങളുമായി പോൾ അടിസ്ഥാനത്തിലാണ് പോസ്റ്റ്. നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിങ്ങനെയാണ് ചോദ്യത്തിന് ഉത്തരമായി തെരഞ്ഞെടുക്കാൻ നൽകിയിരിക്കുന്നത്.

എന്നാൽ, @dpriyankamaurya എന്ന തന്റെ ഹാൻഡിലിൽ ബി.ജെ.പി നേതാവിന്റെ കണക്കൂകൂട്ടൽ അമ്പേ തകർത്ത് ആളുകൾ ‘വോട്ട്’ ചെയ്യാനെത്തിയപ്പോൾ നിലവിൽ രാഹുൽ ഗാന്ധിയാണ് ഏറെ മുന്നിൽ. 282,498 പേർ ഈ ചോദ്യ​ത്തോട് പ്രതികരിച്ചപ്പോൾ 61.4 ശതമാനം പേരും പ്രധാനമന്ത്രി സ്ഥാനത്ത് കാണാൻ ആ​ഗ്രഹിക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. വമ്പൻ പ്രചാരണങ്ങളും പണക്കൊഴുപ്പുമായി പോരാട്ടവേദിയിലുള്ള നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നവർ 38.6 ശതമാനം മാത്രം.

സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി രണ്ടര ലക്ഷം ഫോളോവേഴ്സ് ഉള്ളയാളാണ് ഡോ. പ്രിയങ്ക മൗര്യ. അവരുടെ എക്സ്‍ അക്കൗണ്ടിൽ അധികവും ബി.ജെ.പിയെ പിന്തുണക്കുന്ന പോസ്റ്റുകളാണ്. കവർ ഫോട്ടോ നരേന്ദ്ര ​മോദിയുടെ ചിത്രവും ബി.ജെ.പിക്ക് വോട്ടുതേടിയുള്ള പ്രചാരണവുമാണ്. ദേശീയ തലത്തിൽ ചാനൽ ചർച്ചകളിൽ ബി.ജെ.പി വക്താവായി പ​ങ്കെടുക്കാറുണ്ട്. ഡോ. പ്രിയങ്ക മൗര്യ എന്നതിനൊപ്പം ബ്രാക്കറ്റിൽ ‘മോദി കാ പരിവാർ’ എന്ന് ചേർത്തിട്ടുമുണ്ട്. ​ഇതൊക്കെയായിട്ടും അവരുടെ ഹാൻഡിലിൽ നടന്ന ​‘തെരഞ്ഞെടുപ്പി’ൽ മൂന്നുലക്ഷത്തോളം പേർ വോട്ടുചെയ്തപ്പോൾ രാഹുലിന് വൻ സ്വീകാര്യത ലഭിച്ചത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

പ്രിയങ്ക മൗര്യ മുന്നോട്ടുവെച്ച ‘വോട്ടിങ്ങി’ന് ഇനി മൂന്നു ദിവസം കൂടി ഉണ്ടെന്നാണ് ആ പോസ്റ്റിലുള്ള വിവരം. നിലവിലെ വോട്ടിങ്ങിന്റെ നില വെച്ചുള്ള സ്ക്രീൻ ഷോട്ടുകൾ പലരും പങ്കുവെക്കുന്നുണ്ട്. ‘വോട്ടിങ്’ കഴിയുമ്പോൾ ഇവർ പോസ്റ്റ് മുക്കി ഓടാൻ സാധ്യതയുണ്ട് എന്ന അടിക്കുറിപ്പോടെയാണ് സ്ക്രീൻ ഷോട്ടുകൾ ഷെയർ ചെയ്യുന്നത്. ഗോദി മീഡിയ പണം വാങ്ങി പ്രചരിപ്പിക്കുന്നതല്ല യാഥാർഥ്യമെന്നതിന് തെളിവാണ് ​പ്രിയങ്കയുടെ വാളിലെ പോളിന്റെ പോക്ക് തെളിയിക്കുന്നതെന്ന് ഒട്ടേറെപ്പേർ കമന്റ് ചെയ്യുന്നു. ലോക്സഭയിലേക്ക് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തിയാൽ ഇതായിരിക്കും അവസ്ഥയെന്നാണ് മറ്റു പലരുടെയും കമന്റ്.

നേരത്തേ കോൺഗ്രസിലായിരുന്നു പ്രിയങ്ക മൗര്യ. ഉത്തർ പ്രദേശിൽ വനിതകളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനായി കോൺഗ്രസ് നടത്തിയ ‘ലഡ്കി ഹൂം, ലഡ് ശക്തി ഹൂം’ കാമ്പയിന്റെ പോസ്റ്റർ ഗേളിൽ ഒരാളായിരുന്നു. ഉത്തർ പ്രദേശ് മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റുമായിരുന്നു. എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതെ വന്നതോടെ പ്രിയങ്ക മൗര്യ രാജിവെച്ച് ബി.ജെ.പിക്കൊപ്പം ചേരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here