വാട്‍സാപ്പ് വഴി രാജ്യത്തെ എല്ലാവരിലേക്കും എത്തിയ മോദിയുടെ വികസിത് ഭാരത് സമ്പര്‍ക്ക് സന്ദേശത്തില്‍ വിവാദം. സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വാട്‍സാപ്പ് സന്ദേശം അയക്കാൻ മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകൾ ലഭിച്ച ഉറവിടവും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്നും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കേന്ദ്രസർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഇന്ത്യക്കാർക്കും വിദേശത്തുള്ളവർക്കുപോലും സർക്കാരിന്റെ സന്ദേശമെത്തുന്നുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. എവിടെ നിന്നാണ് ഐടി മന്ത്രാലയത്തിന് തന്റെ ഫോൺനമ്പർ ലഭിച്ചതെന്നും ആളുകളുടെ ഫോൺ നമ്പറുകളടങ്ങിയ ഏത് ഡേറ്റാബേസാണ് സർക്കാർ ദുരുപയോഗം ചെയ്യുന്നതെന്നും കോൺഗ്രസ് എംപി മനീഷ് തിവാരി ‘എക്സി’ൽ ചോദിച്ചു. തനിക്ക് വാട്സാപ്പില്‍ സന്ദേശം ലഭിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്‍റെ നമ്പർ ലഭിച്ചുവെന്ന് പറയണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.