അഹമ്മദാബാദ്: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണത്തിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. അഹമ്മദാബാദിലെ സർവകലാശാല ഹോസ്റ്റലിൽ ശനിയാഴ്ച്ച വൈകിട്ട് റംസാൻ നിസ്കാരം നടക്കുന്ന സമയത്താണ് പുറത്തു നിന്നുള്ള സംഘം വിദ്യാർഥികളെ ആക്രമിച്ചത്. ശ്രീലങ്കയിൽ നിന്നുളള രണ്ടു പേരും താജികിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർഥിയും പരിക്കേറ്റ് ചികിത്സയിലാണ്. എഴുപത്തിയഞ്ചോളം വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കാണ് അക്രമികൾ എത്തിയത്.
ഹോസ്റ്റലിൽ നിസ്കാരം അനുവദിക്കില്ലെന്ന് പറഞ്ഞാണ് അതിക്രമം നടന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഏതാനും വാഹനങ്ങളും അടിച്ചു തകർത്തു. സംഭവത്തിൽ അഞ്ചു പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് 25 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. ഇതിനിടെ അതിക്രമം നടന്ന ഹോസ്റ്റലിലെ വിദേശ വിദ്യാർഥികളെ പുതിയ ഹോസ്റ്റലിലേക്ക് മാറ്റി. ഹോസ്റ്റലിന്റെ സുരക്ഷയ്ക്ക് വിമുക്തഭടനെ നിയമിച്ചു. ആക്രമണത്തെ അപലപിച്ചു എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി രംഗത്തെത്തി. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും കർശന നടപടി ഉണ്ടാകണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു.