കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ(ഐ.പി.എൽ) 17-ാം എഡിഷന് മാർച്ച് 22ന് ഔദ്യോഗികമായി കൊടിയേറുകയാണ്. കുട്ടിക്രിക്കറ്റ് പൂരത്തിന്റെ പുതിയ സീസണിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആഭ്യന്തര-വിദേശതാരങ്ങളെല്ലാം എത്തിത്തുടങ്ങിയതോടെ 10 ഫ്രാഞ്ചൈസികളും പ്രീസീസൺ ക്യാംപുകള്‍ക്കു തുടക്കമിട്ടുകഴിഞ്ഞിട്ടുണ്ട്.
പുതിയ സീസണ്‍ മുന്നൊരുക്കങ്ങള്‍ക്കു തുടക്കമിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആർ) ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചിരുന്നു. കൊൽക്കത്തയുടെ ഹോംഗ്രൗണ്ടിൽ പൂജയും ഹോമവും പുഷ്പാർച്ചനയുമെല്ലാം നടത്തി സീസൺ പരിശീലനത്തിനു തുടക്കമിടുന്നതിന്റെ ദൃശ്യങ്ങളാണിത്. ശ്രേയസ് അയ്യറുടെ അഭാവത്തിൽ കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന നിതീഷ് റാണയാണു ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
സ്റ്റംപിൽ പുഷ്പം ചാർത്തിയ ശേഷം ഗ്രൗണ്ടിൽ പൂജാ വസ്തുക്കൾ നിരത്തിവച്ചാണ് ചടങ്ങുകൾക്കു തുടക്കംകുറിച്ചത്. ഇന്ത്യൻ താരങ്ങളായ റിങ്കു സിങ്, വെങ്കിടേഷ് അയ്യർ, വരുൺ ചക്രവർത്തി ഉൾപ്പെടെയുള്ള താരങ്ങളും ടീം സ്റ്റാഫും പൂജയിലും പ്രാർഥനയിലും പങ്കുചേർന്നു. സീസണിന് ശുഭകരമായ തുടക്കം എന്ന അടിക്കുറിപ്പോടെയാണു ചിത്രങ്ങൾ കെ.കെ.ആർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ക്രിക്കറ്റ് ടൂർണമെന്റിന്റെ മുന്നൊരുക്കത്തിനു പൂജയിലൂടെ തുടക്കമിട്ട കെ.കെ.ആർ മാനേജ്‌മെന്റ് നടപടിയെ എതിർത്തും അനുകൂലിച്ചും കമന്റുബോക്സില്‍ ആരാധകർ പ്രതികരിക്കുന്നുണ്ട്. ഒരു വിഭാഗത്തിന്റെ മാത്രം പ്രാർഥന എന്തുകൊണ്ട് നടത്തുന്നുവെന്ന് ഒരു യൂസർ ചോദിക്കുന്നു. എന്നാൽ, ഫുട്‌ബോൾ മത്സരങ്ങൾക്കു മുൻപും കൊൽക്കത്തയിൽ ഇത്തരം ആചാരങ്ങൾ പതിവുള്ളതാണെന്ന് മറ്റൊരു യൂസർ ചിത്രസഹിതം പ്രതികരിച്ചു.