‘ബി.ജെ.പി രാഷ്ട്രീയ കച്ചവടക്കാരുടെ താവളമായി’; ബി.ജെ.പി എം.പി അജയ് പ്രതാപ് സിംഗ് പാർട്ടി വിട്ടു

0
183

ന്യൂഡൽഹി: ബി.ജെ.പിയുടെ രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ അജയ് പ്രതാപ് സിംഗ് പാർട്ടിവിട്ടു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡക്കുള്ള രാജിക്കത്ത് എക്‌സിൽ (ട്വിറ്റർ) അദ്ദേഹം ഇന്ന് പോസ്റ്റ് ചെയ്യുകയായിരുന്നു.

‘പാർട്ടിയുടെ പ്രാഥമികഗംത്വത്തിൽ നിന്ന് ഞാൻ രാജിവെക്കുന്നു’ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രാജിക്കത്തിൽ അദ്ദേഹം കുറിച്ചു. രാജിവെക്കാനുള്ള കാരണം കത്തിൽ അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിൽ ബിജെപി വൻ തോതിലുള്ള അഴിമതി നടത്തിയെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അവകാശപ്പെട്ടു. അഴിമതിക്കാർക്ക് ബിജെപിയിൽ സംരക്ഷണം ലഭിക്കുന്നതായും രാഷ്ട്രീയ കച്ചവടക്കാരുടെ ആലയമായി പാർട്ടി മാറിയെന്നും അദ്ദേഹം വിമർശിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിദ്ധി മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാകാൻ ആഗ്രഹിച്ചയാളായിരുന്നു അജയ് പ്രതാപ് സിംഗ്. ജനങ്ങൾക്കിടയിൽ നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിൽ ടിക്കറ്റ് അനുവദിക്കുമെന്ന ബിജെപി നയം പ്രാവർത്തികമായില്ലെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്.

‘ബിജെപി അവരുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. എനിക്ക് ഒരു സ്ഥാനാർഥിയോടും എതിർപ്പില്ല, പക്ഷേ പാർട്ടിയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തോട് എനിക്ക് എതിർപ്പും വിയോജിപ്പുമുണ്ട്. എനിക്കത് അംഗീകരിക്കാൻ കഴിയില്ല. ഇതെല്ലാം എന്റെ രാജിക്ക് കാരണമായി’ അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഈ കാലയളവിൽ (ബിജെപിയുടെ 15-20 വർഷം മധ്യപ്രദേശിലും 10 വർഷവും കേന്ദ്രത്തിലും) എനിക്ക് പാർട്ടിയിൽ പല കാര്യങ്ങളും അനുഭവപ്പെട്ടു. പാർട്ടിയിലായിരിക്കുമ്പോൾ എനിക്ക് അവ പറയാൻ കഴിഞ്ഞില്ല, പക്ഷേ ഇപ്പോൾ എനിക്ക് അതെല്ലാം പറയാൻ കഴിയും. പാർട്ടിയിൽ വലിയ തോതിൽ അഴിമതി നടക്കുന്നു. അഴിമതിക്കാർക്ക് വലിയ തോതിൽ സംരക്ഷണം ലഭിക്കുന്നു. രാഷ്ട്രീയം ഒരു കച്ചവട മാധ്യമമായി മാറിയിരിക്കുന്നു. പാർട്ടി രാഷ്ട്രീയ കച്ചവടക്കാരുടെ ‘അഡ്ഡ'(താവളം) ആയി മാറിയെന്ന് പറയാം’ സിംഗ് അവകാശപ്പെട്ടു. വാഗ്ദാനങ്ങൾ നൽകിയിട്ടും സിദ്ധിയിൽ ഒരു വികസനവും നടന്നില്ലെന്നും അജയ് പ്രതാപ് സിങ് ആരോപിച്ചു.

‘വികസിത് ഭാരത് (വികസിത ഇന്ത്യ) എന്ന മുദ്രാവാക്യം പൊള്ളയാണ്. എന്റെ പ്രതിബദ്ധത സിദ്ധി-സിംഗ്രൗളിയിലെ ജനങ്ങളോടുള്ളതാണ്. എന്റെ ശേഷിക്കുന്ന ജീവിതം അവർക്കായി മാറ്റിവെക്കാൻ ഞാൻ തീരുമാനിച്ചു’ അദ്ദേഹം പറഞ്ഞു.

ബിജെപിയിൽ നിന്നുള്ള അപ്രതീക്ഷിത രാജിക്ക് മുമ്പ്, മാർച്ച് 11 ന് അജയ് പ്രതാപ് സിംഗ് ഒരു നിഗൂഢ സന്ദേശം ട്വീറ്റ് ചെയ്തിരുന്നു. ‘അനീതി ചെയ്യുന്നത് ഒരു കുറ്റമാണ്, അനീതി സഹിക്കുന്നത് അതിലും വലിയ കുറ്റമാണ്’ ഹിന്ദിയിലുള്ള കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ അജയ് പ്രതാപ് സിംഗിനെ 2018 മാർച്ചിലാണ് പാർട്ടി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും. എന്നാൽ അദ്ദേഹത്തെ ബിജെപി വീണ്ടും നോമിനേറ്റ് ചെയ്തിട്ടില്ല. അതിനൊപ്പം സിദ്ധി ലോക്‌സഭാ മണ്ഡലത്തിൽ രാജേഷ് മിശ്രയെ ബിജെപി സ്ഥാനാർഥിയാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here