ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
141

ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ സമിതി അംഗങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് റിപ്പോർട്ട് കൈമാറിയത്.

ഏഴു മാസം നീണ്ട പഠനത്തിനുശേഷമാണ് സമിതി 18,626 പേജുകളുള്ള റിപ്പോർട്ട് സമർപ്പിച്ചത്. എട്ട് വാല്യങ്ങളിൽ ആണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനക്കും മറ്റ് നിയമപരമായ ചട്ടക്കൂടുകൾക്കും കീഴിലുള്ള നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത്, ലോക്‌സഭ, നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശകളാണ് സമിതി സമർപ്പിച്ചിരിക്കുന്നത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മോഡലും റിപ്പോർട്ടിൽ ഉണ്ട്. സമിതി അംഗങ്ങളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ. സിങ്, മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറി സുബാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വിവിധ സമയങ്ങളിൽ വ്യത്യസ്‌ത തലങ്ങളിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ ചെലവ് കുറയ്ക്കാനാകും എന്നാണ് സമിതിയുടെ ശുപാർശ. ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാൻ ഭരണഘടനയിലും, വിവിധ നിയമങ്ങളിലും നടപ്പാക്കേണ്ട മാറ്റങ്ങളെ സംബന്ധിച്ചും സമിതി ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here