ദില്ലി: പൗരത്വ ഭേദഗതി നിയമം 2019 നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ ഇടവേളക്ക് ശേഷം സിഎഎ വീണ്ടും ചർച്ചയിൽ സജീവമാകുകയാണ്. നിയമം നടപ്പാകുന്നതോടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനുള്ള വഴി ഒരുക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സിഎഎ നിയമങ്ങൾ പുറപ്പെടുവിക്കുന്നതോടെ, 2014 ഡിസംബർ 31 വരെ ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ അമുസ്‌ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ മോദി സർക്കാർ ആരംഭിക്കും.
ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ക്രിസ്ത്യൻ വിഭാഗക്കാർക്കാണ് പൗരത്വം നൽകുക. 2019 ഡിസംബറിലാണ് ഏറെ വിവാദമായ സിഎഎ പാസാക്കിയത്. തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധങ്ങളുണ്ടായി. തുടർന്ന് നിയമം കേന്ദ്രസർക്കാർ നടപ്പാക്കിയിരുന്നില്ല. എന്നാൽ, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം (സിഎഎ) അപ്രതീക്ഷിതമായി കേന്ദ്രം വിജ്ഞാപനം ചെയ്തു. നിയമം നടപ്പാക്കുന്നതിനായി 2020 മുതൽ, ആഭ്യന്തര മന്ത്രാലയം പാർലമെൻ്ററി കമ്മിറ്റിയിൽ നിന്ന് പതിവായി സമയം നീട്ടിച്ചോദിക്കുകയായിരുന്നു.
എന്താണ് പൗരത്വ (ഭേദഗതി) നിയമം
2019-ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം, അയൽരാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നു. മതപരമായ പീഡനം മൂലം 2014 ഡിസംബർ 31-ന് മുമ്പ് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക.
സിഎഎ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാരെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. മുകളിൽ പറഞ്ഞ ആറ് രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളല്ലാതെ, മറ്റു വിദേശികൾക്ക് സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകില്ല. നേരത്തെയും രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വിഭാഗം, ബർമ്മയിൽ നിന്നുള്ള വ്യക്തികൾ, 1970കളിലെ അട്ടിമറിയെ തുടർന്ന് ഉഗാണ്ടയിൽ നിന്നുള്ളവർ എന്നിവരുൾപ്പെടെ വിവിധ ഗ്രൂപ്പുകൾക്ക് ഇന്ത്യ മുമ്പ് പൗരത്വവും പുനരധിവാസവും വാഗ്ദാനം ചെയ്തിട്ടുണ്ട്.