റോഡ് ആറുവരിയാണെന്നു കരുതി ‘ആറാടരുത്’, പണികിട്ടും; മുന്നറിയിപ്പുമായി എംവിഡി!

0
172

സംസ്ഥാനത്തെ ദേശീയപാതാ വികസനം അതിവേഗതയിൽ നടന്നുകൊണ്ടിരിക്കുകയാണ്. പല ഭാഗത്തും റോഡിന്റെ പണികൾ തീർന്നുകൊണ്ടിരിക്കുന്നു. ആറുവരിപ്പാതയാണ് ഒരുങ്ങുന്നത്. കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി ആവുകയാണ്. വാഹനങ്ങൾക്ക് തടസങ്ങളില്ലാതെ ചീറിപ്പായാമെന്ന് ചുരുക്കം. ഈ സാഹചര്യത്തിൽ ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുകയാണ് മോട്ടോർവാഹനവകുപ്പ്. ഇതാ എംവിഡി കുറിപ്പിന്‍റെ പൂർണരൂപം

45 വർഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി-മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുകയാണല്ലോ. അതുപോലെ തൃശൂർ -വടക്കഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസറഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി ആവുകയാണ്. ഒരു മൾട്ടി ലെയിൻ പാതയിൽ ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ ഒന്നുകൂടി പരിശോധിക്കാം.

1.വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട.
2. വാഹനങ്ങൾ കുറവായാലും, അല്ലെങ്കിലും അമിതവേഗത വേണ്ട.
3. മൂന്നു ലെയിനുകളിൽ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങൾക്ക് (ഉദാ: ടു വീലർ, 3 വീലർ (അനുവാദമുണ്ടെങ്കിൽ), ചരക്കു വാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ) ഉള്ളതാണ്.
4. രണ്ടാമത്തെ ലെയിൻ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്.
5. മൂന്നാമത്തെ ലെയിൻ വാഹനങ്ങൾക്ക് മറികടക്കേണ്ടി വരുമ്പോൾ മറികടക്കാൻ മാത്രമുള്ളതാണ്. കൂടാതെ എമർജൻസി വാഹനങ്ങൾക്ക് ഈ ലൈൻ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും.
6. ഏതു ലെയിനിലുള്ള വാഹനവും മറികടക്കേണ്ടി വരുമ്പോൾ കണ്ണാടി കൾ നോക്കി സിഗ്നലുകൾ നൽകിയതിനു ശേഷം തൊട്ടു വലതു വശത്തുള്ള ലയിനിലൂടെ മറികടന്ന് തിരിച്ച് തങ്ങളുടെ ലെയിനിലേക്ക് തന്നെ വരേണ്ടതാണ്.
7. ഏതെങ്കിലും കാരണവശാൽ മറികടക്കാൻ ശ്രമിക്കുമ്പോൾ വലതു വശത്തുള്ള വാഹനം വേഗത കുറച്ചാണ് പോകുന്നതെങ്കിൽ മറ്റു അപകടങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കി അതിൻ്റെ ഇടതുവശത്തുകൂടി മറികടക്കാവുന്നതാണ്.
8. സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ശ്രദ്ധയോടെ സിഗ്നലുകൾ നൽകി കണ്ണാടികൾ ശ്രദ്ധിച്ചു നിരീക്ഷിച്ച് മെർജിംഗ് ലെയിനിലൂടെ വേഗത വർദ്ധിപ്പിച്ച് മെയിൻ റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.
9. മെയിൻ റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ലെയിനിൽ നിന്ന് കണ്ണാടി നോക്കി, സിഗ്നൽ നൽകി ബ്ലൈൻ്റ് സ്പോട്ട് ചെക്ക് ചെയ്ത് വേഗത കുറച്ച് ഇടത്തേ ലെയിനിലെത്തി ശ്രദ്ധിച്ച് സർവീസ് റോഡിലേക്ക് പ്രവേശിക്കാം .
10. കുറെ ദൂരം തങ്ങൾ സഞ്ചരിക്കുന്ന ലെയിനിൽ തുടരാതെ പെട്ടെന്ന് തന്നെ മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.
11. ലെയിൻ ട്രാഫിക് കൃത്യമായി പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമം 177 A പ്രകാരം നിയമനടപടികൾ കർശനമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here