മംഗളൂരു : വ്യാജ സ്വർണം പണയംവെച്ച് സഹകരണ ബാങ്കുകളിൽനിന്ന് 30 ലക്ഷത്തിലേറെ രൂപ കൈക്കലാക്കിയ മലയാളി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഇടുക്കി സ്വദേശിയും ഗോവയിലെ സ്ഥിരതാമസക്കാരനുമായ രാജീവ് (47), ബൽഗാവി സ്വദേശികളായ സജ്ഞയ് ഷേട്ട് (43), കൈലാസ് ഗോറോഡ (25), കുംട സ്വദേശി നിതിൽ ഭാസ്കർ (35) എന്നിവരാണ് അറസ്റ്റിലായത്.
രാജീവ് മറ്റ് പ്രതികളിൽനിന്ന് സ്വർണം പൂശിയ ആഭരണങ്ങൾ വാങ്ങി വ്യാജ 916 മുദ്ര പതിപ്പിച്ച് മൂന്ന് ബാങ്കുകളിൽനിന്നായി 30 ലക്ഷത്തിലധികം രൂപ കൈക്കാലാക്കുകയായിരുന്നു. കൂടെ താമസിക്കുന്ന ഉഡുപ്പി സ്വദേശി സ്‌നേഹലതയും തട്ടിപ്പിന് ഇയാളൊടൊപ്പം നിന്നു.
സമയപരിധി കഴിഞ്ഞിട്ടും രാജീവ് സ്വർണം തിരിച്ചെടുക്കാത്തതിനെത്തുടർന്ന് ബാങ്ക് സ്വർണം ലേലം ചെയ്‌തു. ലേലത്തിൽ സ്വർണം വാങ്ങിയ ആൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
തുടർന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെയാണ് സംഘം മറ്റ് രണ്ട് ബാങ്കുകളിൽനിന്ന് സമാനമായ തട്ടിപ്പിലൂടെ പണം തട്ടിയതായും കണ്ടെത്തിയത്.
അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു.