നരേന്ദ്ര മോദിയുടെ ട്വീറ്റുകള്‍; 2014 ന് മുമ്പും ശേഷവും

0
188

ദില്ലി (www.mediavisionnews.in) :ട്വിറ്ററില്‍ സജീവമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 4.5 മില്യണ്‍ ആളുകളാണ് പ്രധാനമന്ത്രിയെ ട്വിറ്ററില്‍ പിന്തുടരുന്നത്. 2014 ല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുന്നതിന് മുമ്പും ട്വിറ്ററിന്റെ ആശയ വിനിമയ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയ ആളാണ് മോദി. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും മോദി തിരഞ്ഞെടുത്തിരുന്നത് ട്വിറ്ററിനെ തന്നെയാണ്.

  • പ്രധാനമന്ത്രിയായതിന് ശേഷം ഒറ്റ പത്രസമ്മേളനം പോലും നടത്താത്തയാളാണ് നരേന്ദ്ര മോദി. അടുപ്പക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ക്കൊഴികെ മറ്റാര്‍ക്കും അഭിമുഖവും നല്‍കിയിട്ടില്ല. റേഡിയോയില്‍ മന്‍ കി ബാത്ത് നടത്തുന്ന മോദി മുന്‍കൂട്ടി എഴുതി വാങ്ങിയ ചോദ്യങ്ങള്‍ക്ക് മാത്രമേ പൊതുവേദികളിലടക്കം മറുപടി പറയാറുള്ളൂ, അതും മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങള്‍ മാത്രം

എന്നാല്‍, പ്രധാനമന്ത്രിയായതിന് ശേഷം ഒറ്റ പത്രസമ്മേളനം പോലും നടത്താത്തയാളാണ് നരേന്ദ്ര മോദി. അടുപ്പക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ക്കൊഴികെ മറ്റാര്‍ക്കും അഭിമുഖവും നല്‍കിയിട്ടില്ല. റേഡിയോയില്‍ മന്‍ കി ബാത്ത് നടത്തുന്ന മോദി മുന്‍കൂട്ടി എഴുതി വാങ്ങിയ ചോദ്യങ്ങള്‍ക്ക് മാത്രമേ പൊതുവേദികളിലടക്കം മറുപടി പറയാറുള്ളൂ, അതും മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങള്‍ മാത്രം. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന സംഭവവികാസങ്ങളില്‍ പ്രധാനമന്ത്രിയുടെ നിലപാടുകള്‍ മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ പരിശോധിക്കുക മാത്രമാണ് വഴി.

2014 ന് മുമ്പും ശേഷവും നരേന്ദ്ര മോദിയുടെ ട്വീറ്റുകളുടെ സ്വഭാവവും ട്വീറ്റ് ചെയ്യാനായി അദ്ദേഹം തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലുള്ള വ്യത്യാസവും വിശകലനം ചെയ്യുകയാണ് കൊമേഡിയനായ ആകാശ് ബാനര്‍ജി. 2010 മുതല്‍ 2018 വരെ മോദി ചെയ്ത 17,890 ട്വീറ്റുകളാണ് അദ്ദേഹം ഡൗണ്‍ലോഡ് ചെയ്ത് വിശകലനം ചെയ്യുന്നത്. 2010 നും 2014 നുമിടയില്‍ വിവിധ വിഷയങ്ങളിലായി 3900 ട്വീറ്റുകളാണ് നരേന്ദ്ര മോദി ചെയ്തത്. എന്നാല്‍, 2014 നും 2018 നും ഇടയിലുള്ള നാലു വര്‍ഷങ്ങളില്‍ 13,990 തവണയാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദിയുടെ ട്വീറ്റുകളില്‍ മൂന്നിരട്ടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയായതിന് ശേഷം തിരക്കുകള്‍ കൂടിയിട്ടും തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നത് നരേന്ദ്ര മോദി തന്നെയാണെന്നാണ് ഒരു വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയില്‍ പറഞ്ഞത്.

2014 ന് മുമ്പ് രാജ്യസ്‌നേഹത്തെ കുറിച്ച് നരേന്ദ്ര മോദി നടത്തിയ ട്വീറ്റുകള്‍ വെറും 15 ശതമാനം മാത്രമായിരുന്നു. എന്നാല്‍, 2014 ല്‍ പ്രധാനമന്ത്രിയായതിന് ശേഷം അദ്ദേഹം നടത്തിയ മൊത്തം ട്വീറ്റുകളില്‍ 45 ശതമാനവും രാജ്യസ്‌നേഹത്തെ കുറിച്ചായിരുന്നു. പൊതുതെരഞ്ഞെടുപ്പിന് മുമ്പും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളിലും ബി.ജെ.പിയും പ്രധാനമന്ത്രിയും കൊട്ടിഘോഷിച്ചിരുന്ന വികാസിനെ കുറിച്ച് മോദിയുടെ ട്വീറ്റുകള്‍ കേവലം 10 ശതമാനം മാത്രമാണ്. ബി.ജെ.പി അധികാരത്തിലേറിയത് തന്നെ മോഹന വികസന വാഗ്ദാനങ്ങള്‍ നല്‍കിയിട്ടാണെന്ന വസ്തുത നിലനില്‍ക്കെയാണിത്.

പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി ചെയ്ത 28 ശതമാനം ട്വീറ്റുകളും ജന്മദിനാശംസകള്‍ നേര്‍ന്നും അഭിനന്ദനങ്ങള്‍ അറിയിച്ച് കൊണ്ടുള്ളവയുമാണ്. 2014 ന് മുമ്പ് ഇന്ധന വിലവര്‍ധന, ഭക്ഷ്യ വിലവര്‍ധന, ആവിഷ്‌കാര സ്വാതന്ത്ര്യം, അതിര്‍ത്തി സുരക്ഷ തുടങ്ങി രാജ്യത്തെയും രാജ്യത്തെ പൗരന്മാരെയും ബാധിക്കുന്ന സകല വിഷയങ്ങളെ കുറിച്ചും മോദി ചെയ്തിരുന്ന ട്വീറ്റുകള്‍ക്ക് ഏഴായിരവും എണ്ണായിരവുമൊക്കെ റീട്വീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, 2014 ന് ശേഷം ഇത്തരം വിഷയങ്ങളെ കുറിച്ചൊന്നും മോദി ട്വീറ്റ് ചെയ്തിട്ടില്ല. പക്ഷെ, യോഗ ചെയ്യുന്നതിന്റെയും വ്യായാമം ചെയ്യുന്നതിന്റെയും ഫോട്ടോയും വീഡിയോയുമൊക്കെ ധരാളം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 27000 റീട്വീറ്റുകളാണ് യോഗ ചെയ്യുന്നതിന് മാത്രം ലഭിച്ചത്.

മുത്വലാഖ് നിരോധിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ അതില്‍ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് നരേന്ദ്ര മോദി ചെയ്ത ട്വീറ്റിന് മാത്രം 220000 റീട്വീറ്റുകളാണ് ലഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ ആശംസകള് അറിയിച്ച് കൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റിന് 20,000 റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. നോട്ട് നിരോധത്തെ കുറിച്ച് മോദി വ്യക്തിപരമായി ട്വിറ്ററില്‍ സര്‍വ്വെയും നടത്തിയിരുന്നു.

എന്നാല്‍, 2014 ല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയതിന് ശേഷം ഇന്ധന വിലവര്‍ധന, ഭക്ഷ്യ വിലവര്‍ധന, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, വികസനം തുടങ്ങിയ സുപ്രധാന വിഷയങ്ങളെ കുറിച്ചൊന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിട്ടേയില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഇന്ധനവില എന്ന വാക്ക് മോദി ഉപയോഗിച്ചത് ഒരു തവണ മാത്രമാണ്. ‘വില വര്‍ധന’ ആറു തവണ, കര്‍ഷക ആത്മഹത്യ രണ്ട് തവണ, എന്‍.പി.എ രണ്ട് തവണ, അഴിമതിക്കാരെ ശിക്ഷിക്കല്‍ രണ്ട് തവണ എന്നിങ്ങനെയാണ് പ്രധാനമന്ത്രി ഉപയോഗിച്ച മറ്റു പദങ്ങള്‍. ബ്യൂറോക്രസി, ബലാത്സംഗം എന്നീ വാക്കുകള്‍ ഒറ്റത്തവണ പോലും ഉപയോഗിക്കാതിരുന്നപ്പോള്‍ തൊഴില്‍ രഹിതരായ യുവാക്കളെ ഒരു തവണ മാത്രമാണ് പരാമര്‍ശിച്ചത്.

  • 2014 ല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയതിന് ശേഷം ഇന്ധന വിലവര്‍ധന, ഭക്ഷ്യ വിലവര്‍ധന, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, വികസനം തുടങ്ങിയ സുപ്രധാന വിഷയങ്ങളെ കുറിച്ചൊന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിട്ടേയില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഇന്ധനവില എന്ന വാക്ക് മോദി ഉപയോഗിച്ചത് ഒരു തവണ മാത്രമാണ്

2014 മുമ്പും ശേഷവും വിവിധ വിഷയങ്ങളോടുള്ള നരേന്ദ്ര മോദിയുടെ സമീപനവും തികച്ചും വ്യത്യസ്തമായിരുന്നു. അധികാരത്തില്‍ വരുന്നതിന് മുമ്പ് ജി.എസ്.ടി നടപ്പിലാക്കാന്‍ മതിയായ തയ്യാറെടുപ്പ് നടത്തിയില്ലെന്ന് യു.പി.എ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്ന മോദി പ്രധാനമന്ത്രിയായതിന് ശേഷം നിലപാട് മാറ്റി. തിടുക്കത്തില്‍ ജി.എസ്.ടി നടപ്പിലാക്കി. വിദേശ നിക്ഷേപത്തെ അനുകൂലിക്കാതിരുന്ന മോദി പ്രധാനമന്ത്രി ആയപ്പോള്‍ വിദേശ നിക്ഷേപം തൊഴില്‍ സൃഷ്ടിക്കുമെന്ന വാദം നിരത്തി അതിനും അനുവാദം നല്‍കി.

ചുരുക്കത്തില്‍, നരേന്ദ്ര മോദിയുടെ 18000 ട്വീറ്റുകള്‍ അവലോകനം ചെയ്തതില്‍ നിന്ന് മനസ്സിലാകുന്നത് അദ്ദേഹത്തിന് ഒരു വിഷയത്തിലും കൃത്യമായ നിലപാടില്ലെന്നാണെന്ന് പറയുന്നു ആകാശ് ബാനര്‍ജി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here