റിയാസ് മൗലവി വധക്കേസില്‍ വിധി ഇന്ന്

0
139

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതി അടയാളപ്പെടുത്തിയത്.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്തത്. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here