സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, 200 യൂണിറ്റ് വൈദ്യുതി ഫ്രീ; തെലങ്കാനയിൽ മഹാലക്ഷ്മി, ഗൃഹജ്യോതി പദ്ധതി തുടങ്ങി

0
104

ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികൾ കൂടി നടപ്പിലാക്കി സംസ്ഥാന സർക്കാർ. സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയും നിലവിൽ വന്നു.

40 ലക്ഷം സ്ത്രീകള്‍ക്ക് മഹാലക്ഷ്മി സ്കീമിന്‍റെ ഗുണഫലം ലഭിക്കും. തെലങ്കാനയിലെ കോണ്‍ഗ്രസ് സർക്കാരിന്‍റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. വെള്ള റേഷൻ കാർഡ് ഉടമകള്‍ക്കാണ് ഗുണഫലം ലഭിക്കുക. ഡിസംബർ 28 നും ജനുവരി 6 നും ഇടയിൽ നടന്ന പ്രജാപാലനത്തിൽ അപേക്ഷ സമർപ്പിച്ചവർക്കാണ് റീഫില്ലിന് 500 രൂപ നിരക്കിൽ എൽപിജി ഗാർഹിക സിലിണ്ടർ വിതരണം ചെയ്യുക. കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി സിലിണ്ടർ ഉപഭോഗം പരിശോധിച്ചാണ് എത്ര സിലിണ്ടറുകള്‍ നൽകണമെന്ന് തീരുമാനിക്കുക. പ്രജാപാലന പോർട്ടൽ വഴിയാണ് സിലിണ്ടർ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീ ശാക്തീകരണം, പുക രഹിത പാചകം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആവശ്യമായ തുക മുൻകൂറായി ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് (ഒഎംസി) പ്രതിമാസം കൈമാറും. അർഹരായവർക്കെല്ലാം പദ്ധതിയുടെ ഗുണഫലം ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. ആനുകൂല്യം ലഭിക്കുന്നതിന് തങ്ങളെ സമീപിക്കുന്ന ഗുണഭോക്താക്കളുടെ രജിസ്ട്രേഷനും ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള കൗണ്ടറുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ തുടങ്ങി.

ഗൃഹജ്യോതി പദ്ധതിയെക്കുറിച്ച് ഊർജ വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചർച്ച നടത്തി. സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടം നൽകാതെ സുതാര്യമായി പദ്ധതി നടപ്പാക്കാൻ ആവശ്യപ്പെട്ടു. വെള്ള റേഷൻ കാർഡുള്ളവരും ഗാർഹിക ആവശ്യങ്ങൾക്ക് പ്രതിമാസം 200 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരുമായ എല്ലാവർക്കും ആനുകൂല്യം ലഭിക്കും. ഗൃഹജ്യോതി പദ്ധതിയിലെ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും മാർച്ച് ആദ്യവാരം മുതൽ ‘സീറോ’ വൈദ്യുതി ബില്ലുകൾ വിതരണം ചെയ്യും. ടിഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന വാഗ്ദാനം ഇതിനകം സർക്കാർ നടപ്പിലാക്കി. ആരോഗ്യശ്രീ പദ്ധതിയുടെ പരിധി 5 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here