അനധികൃത മണൽക്കടത്ത്: ഷിറിയയിൽ ഒളിപ്പിച്ചുവെച്ച മൂന്ന്‌ തോണി പിടിച്ചു

0
110

കുമ്പള : അനധികൃത മണൽക്കടത്തിന്‌ ഉപയോഗിക്കുന്ന മൂന്ന്‌ തോണികൾ തീരദേശ പോലീസ് പിടിച്ചു. ഷിറിയ പുഴയോരത്തെ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച തോണികളാണ്‌ പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഷിറിയ അഴിമുഖത്തിൽനിന്ന്‌ അനധികൃതമായി പുഴമണൽ എടുക്കുന്നതിനായി ഉപയോഗിക്കുന്നവയാണിവ.

കുമ്പള തീരദേശ പോലീസ് ഇൻസ്പെക്ടർ കെ.ദിലീഷ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.ടി. ഷനോജ്, എം. പ്രജീഷ്, കെ. നജേഷ്, സുമേഷ്, സനൂപ്, രതീഷ്, കെ.സി.സജിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കുമ്പള ഗ്രാമപ്പഞ്ചായത്തിൽ മണൽക്കടത്തിനായി പ്രവർത്തനാനുമതിയുള്ളത് കുമ്പള പുഴയിലെ കുമ്പളക്കടവിനു മാത്രമാണ്. പ്രവർത്തിക്കുന്നത് 18-ഓളം അനധികൃത കടവുകൾ. കടവുകൾ നശിപ്പിച്ചാൽ രണ്ടുനാൾക്കകം വീണ്ടും സജീവമാകും.

ഷിറിയ, ഒളയം, കുമ്പള, കോയിപ്പാടി, മൊഗ്രാൽ, നാങ്കി എന്നിവ അനധികൃത മണൽ വാരൽ കേന്ദ്രങ്ങളുടെ ഉറവിടങ്ങളാണ്. കുമ്പള, ഷിറിയ, മൊഗ്രാൽ പുഴകൾ കേന്ദ്രീകരിച്ചാണ് മണൽ വാരൽ നടക്കുന്നത്. ചള്ളങ്കയം, തലമുഗർ, ബാഡൂർ എന്നിവിടങ്ങളിൽ പകൽപ്പോലും മണൽവാരൽ നടക്കുന്നു.

പുത്തിഗെ ഗ്രാമപ്പഞ്ചായത്തിലെ നോണം കല്ലിൽ നിന്നാണ് ഷിറിയ പുഴയുടെ തുടക്കം. ഗ്രാമപ്പഞ്ചായത്തിലെ ചള്ളങ്കയം ,തല മുഗർ, അംഗഡി മുഗർ എന്നിവിടങ്ങളിലെ മലയോര മേഖലകളിലും അനധികൃത മണൽ വാരലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here