റാഞ്ചി: റാഞ്ചിയിൽ ഇംഗ്ലണ്ടിനെ നിലംപരിശാക്കി ടെസ്റ്റ് പരമ്പര ടീം ഇന്ത്യ നേടിയതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. ബേസ്ബാളിന്‍റെ വീര്യവുമായെത്തിയ ഇംഗ്ലണ്ടിനെ ഒരു ടെസ്റ്റ് ശേഷിക്കെയാണ് പരമ്പര 3 – 1 ന് രോഹിതും സംഘവും സ്വന്തമാക്കിയത്. നാലാം ടെസ്റ്റിൽ 192 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അർധ ശതകം നേടി മുന്നിൽ നിന്ന് നയിച്ച രോഹിത് ശർമ്മയാണ് വിജയം എളുപ്പമാക്കിയത്. കളിക്കളത്തിലെ രോഹിതിന്‍റെ ഇടപെടലുകളും ഇതിനിടെ പലപ്പോഴും വൈറലായിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് കേരള പൊലീസ് ഇപ്പോൾ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
സഹതാരം സർഫറാസിനോട് കൈചൂണ്ടി ‘അരേ ഭായ്’ എന്ന് പറഞ്ഞ് തുടങ്ങുന്ന രോഹിതിന്‍റെ വീഡിയോ ആണ് കേരള പൊലീസ് ഏറ്റെടുത്തിരിക്കുന്നത്. സംഭവം സിംപിളാണ്. പക്ഷേ കേരള പൊലീസിന് വല്ലാതങ്ങ് ഇഷ്ടപ്പെട്ടുപോയി. ക്ലോസ് ഫീൽഡറായി നിൽക്കുന്ന സർഫറാസിനോട് ഹെൽമറ്റ് വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു നായകൻ. ബാറ്റ്സ്മാന്‍റെ തൊട്ടടുത്ത് നിന്ന് ഫീൽഡ് ചെയ്യുമ്പോൾ അടി കിട്ടാൻ ചാൻസുള്ളതിനാൽ അപകടം ഒഴിവാക്കാനുള്ള കരുതലാണ് നായകൻ സഹതാരത്തോട് കാട്ടിയത്.
സംഭവം അതുതന്നെയാണ് വണ്ടിയോടിക്കുന്ന മുഴുവൻ പേരോടും കേരള പൊലീസിനും പറയാനുള്ളത്. ‘ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധം’ എന്നാണ് രോഹിതിന്‍റെ വീഡിയോ പങ്കുവച്ച് കേരള പൊലീസ് വീണ്ടും ഓർമ്മിപ്പിച്ചത്. വീഡിയോ എന്തായാലും വൈറലാകുകയാണ്. നായകന്‍റെ വാക്ക് അക്ഷരം പ്രതി അനുസരിച്ച് സർഫറാസ് ഖാൻ ഹെൽമറ്റ് വച്ചതുപോലെ എല്ലാവരും ഹെൽമറ്റ് വയ്ക്കട്ടെ എന്നാണ് കേരള പൊലീസിന്‍റെ പക്ഷം.