ദുബൈ: വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്താലും തങ്ങളുടെ കുടുംബത്തെ ഒരിക്കല്‍ പോലും കൊണ്ടുവരാനാകാത്ത പ്രവാസികളാണ് ഏറെയും. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രവാസിയുടെ വേര്‍പാട് ഏറെ വേദനാജനകമാണ്.
15 വര്‍ഷത്തിലേറെയായി യുഎഇയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഒരിക്കല്‍ പോലും തന്‍റെ കുടുംബത്തെ ഇവിടേക്ക് കൊണ്ടുവരാൻ സാധിച്ചിരുന്നില്ല. അവസാനം അതിന് അവസരം ലഭിക്കുകയും ഭാര്യയും മക്കളും അദ്ദേഹത്തിന്‍റെ അരികിലെത്തുകയും ചെയ്തു. എന്നാല്‍ ആ സന്തോഷം പെട്ടെന്ന് തീരാനോവായി മാറുകയായിരുന്നു. കുടുംബം ദുബൈയിലെത്തിയ അന്ന് തന്ന അദ്ദേഹം മരണപ്പെട്ടു. അതും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ഹൃദയാഘാതമുണ്ടായി….പ്രവാസി സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വേദനിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.
അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരന്മാരിൽ ഒരാളുടെ അവസ്ഥ പറയാം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടിൽ നിന്നും വന്നത്. ഏറെ സന്തോഷകരമായ നിമിഷങ്ങൾ കടന്ന് പോകവേ. ദുഖത്തിന്റെ ദൂതുമായി മരണത്തിന്റെ മാലാഖയെത്തി. കുടുംബം നാട്ടിൽ നിന്നും എത്തിയ അതേ ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ നെഞ്ച് വേദനയോടെ ഹൃദയഘാതത്തിന്റെ രൂപത്തിൽ ഇദ്ദേഹത്തെ മരണം പിടികൂടുകയായിരുന്നു. മരണം വാതിൽക്കലെത്തിയാൽ പിന്നെ കൂടെ പോവുകയല്ലാതെ മറ്റൊരു വഴിയും ഇല്ല. ഭാര്യയും മക്കളും നാട്ടിൽ നിന്നെത്തിയ സന്തോഷ നിമിഷങ്ങൾ എത്ര പെട്ടന്നാണ് ദുഖത്തിലേക്ക് വഴിമാറിയത്. ചില മരണങ്ങൾ ഇങ്ങിനെയാണ് ഒരുപാട് ജീവിതങ്ങളെ കൊത്തി വലിക്കും. വല്ലാത്ത വേദനകൾ സമ്മാനിക്കും. സങ്കടക്കടൽ തീർക്കും.
നമ്മിൽ നിന്നും മരണപ്പെട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ നന്മകൾ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ……..