രൊഹ്തക്: ഹരിയാനയിൽ മുൻ എംഎൽഎയും ഇന്ത്യൻ നാഷണൽ ലോക്ദൾ സംസ്ഥാന അധ്യക്ഷനുമായ നഫെ സിങ് റാത്തി വെടിയേറ്റ് കൊല്ലപ്പെട്ടു. വെടിവെപ്പിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
രണ്ടു തവണ ഹരിയാനയിൽ എംഎൽഎ ആയിരുന്ന വ്യക്തിയാണ് നഫെ സിങ് റാത്തി. ഹരിയാനയിലെ ഝജ്ജാർ ജില്ലയിലെ ബഹദൂർഗഢ് റെയിൽവേ ക്രോസിൽ കാറിൽ ഇരിക്കുമ്പോഴാണ് നഫെ സിങ്ങിനും പാർട്ടി പ്രവർത്തകർക്കും വെടിയേറ്റത്. എല്ലാവരെയും ഉടൻ തന്നെ ബ്രം ശക്തി സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും നഫെ സിങ് മരിച്ചിരുന്നു. ബഹദൂർഗഢ് മണ്ഡലത്തിലെ മുൻ എംഎൽഎ കൂടിയാണ് നഫെ സിങ്.
അജ്ഞാതരായ അക്രമികളാണ് വെടിയുതിർത്തത്. കാറിലാണ് അക്രമികളെത്തിയത്. വെടിവെപ്പിന് ശേഷം സംഘം ഉടൻ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ അക്രമികൾക്കായി അന്വേഷണം ആരംഭിച്ചതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്ജ് പ്രതികരിച്ചു. സെൻട്രൽ ഇൻ്റലിജൻസ് ഏജൻസിയും എസ്.ടി.എഫ് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഝജ്ജാർ എസ്.പി അർപിത് ജെയിൻ പറഞ്ഞു.