18 വര്‍ഷത്തെ കാത്തിരിപ്പ്! കണ്ണീരോടെ സ്വീകരിച്ച് ബന്ധുക്കള്‍ പ്രിയപ്പെട്ടവരെ നെഞ്ചോടണച്ച് ആ അഞ്ചു പ്രവാസികള്‍

0
176

ദുബൈ: പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അവര്‍ സ്വന്തം മണ്ണില്‍ വിമാനമിറങ്ങി. കണ്ണീരോടെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഓടിയെത്തി. വെറും ഒരു കാത്തിരിപ്പ് ആയിരുന്നില്ല അത്, ജീവിതം ഇനി എങ്ങനെയെന്ന് അറിയാതെ, ഇനി ഒരിക്കലെങ്കിലും പ്രിയപ്പെട്ടവരെ കാണാനാകുമോ എന്നറിയാത്ത 18 വര്‍ഷത്തെ ജയില്‍വാസം. ദുബൈയില്‍ ജയിലിലായിരുന്ന അഞ്ച് പ്രവാസികള്‍ കഴിഞ്ഞ ദിവസമാണ് മോചിതരായി നാട്ടിലെത്തിയത്.

കൊലപാതക കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന തെലങ്കാന സ്വദേശികളാണ് തിരിച്ചെത്തിയത്. തെലങ്കാനയിലെ രാജണ്ണ സിർസില്ല ജില്ലക്കാരായ ശിവരാത്രി മല്ലേഷ്, ശിരാത്രി രവി, ഗൊല്ലം നംപള്ളി, ദുണ്ടുഗുല ലക്ഷമൺ, ശിവരാത്രി ഹൻമന്തു എന്നിവരാണ് നാട്ടിലെത്തിയത്. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്ന ഒരു നേപ്പാൾ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2005ലാണ് ഇവര്‍ ദുബൈയിൽ ജയിലിലായത്. വിചാരണയ്ക്ക് ശേഷം 25 വർഷം തടവിനാണ് ശിക്ഷിക്കപ്പെട്ടത്.

ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ബിആർഎസ് നേതാവ് കെ.ടി രാമ റാവുവിന്റെ നേതൃത്വത്തിൽ വിവിധ നയതന്ത്ര മാർഗങ്ങളിലൂടെ നടത്തിയിരുന്നു. 2011ൽ കെ.ടി രാമ റാവു നേപ്പാൾ സന്ദര്‍ശിക്കുകയും കൊല്ലപ്പെട്ട നേപ്പാൾ പൗരന്റെ ബന്ധുക്കളെ കണ്ട് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുകയും ചെയ്തിരുന്നു. എന്നാല്‍ ശിക്ഷയിൽ ഇളവുതേടി ഇവർ നൽകിയ അപേക്ഷ ദുബൈ കോടതി തള്ളുകയായിരുന്നു. ഇതോടെ മോചന ശ്രമങ്ങള്‍ പിന്നെയും നീണ്ടുപോയി.

പിന്നീട് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ കെ.ടി രാമ റാവു, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദര്‍ശിക്കാനുള്ള അവസരം നേടുകയും അദ്ദേഹത്തിന് മാപ്പപേക്ഷ നൽകുകയും ചെയ്യുകയായിരുന്നു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് അഞ്ച് പേരുടെയും അപേക്ഷ അംഗീകരിച്ച് മോചനം സാധ്യമായത്.

LEAVE A REPLY

Please enter your comment!
Please enter your name here