അക്ബറല്ല പ്രശ്നം, ഹർജിയുടെ കാരണം വിശദീകരിച്ച് വിഎച്ച്പി; ചോദ്യശരങ്ങളുമായി ഹൈക്കോടതി, റിപ്പോര്‍ട്ട് തേടി

0
272

ദില്ലി:പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില്‍ വിഎച്ച്എപി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരില്‍നിന്ന് കല്‍ക്കട്ട ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പേര് പെണ്‍ സിംഹത്തിന് നല്‍കിയിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി പരിഗണിച്ചപ്പോള്‍ പെണ്‍ സിംഹത്തിന് സീത ദേവിയുടെ പേര് നല്‍കിയതിലാണ് പരാതിയെന്ന് വിഎച്ച്പിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് സീത എന്ന പേരിൽ എന്താണ് ബുദ്ധിമുട്ട് എന്ന് കല്‍ക്കട്ട ഹൈക്കോടതി ജൽപൈഗുരി സര്‍ക്യൂട്ട് ബെഞ്ച് ജഡ്ജ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു.

ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേ എന്നും ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോയെന്നും ജഡ്ജി ചോദിച്ചു. ഇതില്‍ എവിടെയാണ് മൗലികാവകാശം ലംഘിക്കപ്പെട്ടതെന്നും വിഷയത്തില്‍ റിട്ട് ഹര്‍ജി എന്തിനാണ് നല്‍കിയതെന്നും കോടതി ചോദിച്ചു. ഹർജിക്കാർ പറയുന്ന പേര് നൽകിയിട്ടില്ലെങ്കിൽ വാദം തുടരില്ലെന്നും പേര് നൽകിയിട്ടുണ്ടെങ്കിൽ ആക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. പേര് നൽകിയിട്ടില്ലെന്നും ഹർജി തള്ളണമെന്ന് ബംഗാൾ സർക്കാർ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഹർജിക്കാർ ഉന്നയിക്കുന്ന പേര് നൽകിയിട്ടുണ്ടോ എന്ന് റിപ്പോർട്ട് നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. പേര് നല്‍കിയിട്ടില്ലെങ്കില്‍ ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

പശ്ചിമബം​ഗാളിലെ സിലിഗുരി സഫാരി പാർക്കിലെ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന വിഎച്ച് പിയുടെ ഹർജി വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി വിഎച്ച്പി അഭിഭാഷകൻ ശുഭാങ്കര്‍ ദത്ത രംഗത്തെത്തിയിരുന്നു. സീത എന്ന പേര് മാറ്റി പുതിയ പേരിടണമെന്ന് കോടതിയിൽ പുതിയ അപേക്ഷ നൽകുമെന്നാണ് അഭിഭാഷകൻ ശുഭാങ്കർ ദത്ത ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്. നേരത്തെ നല്‍കിയ പ്രധാന ഹര്‍ജിയും പുതിയ അപേക്ഷയും പരിഗണിച്ചുകൊണ്ടാണ് ഇക്കാര്യത്തില്‍ പേര് നല്‍കിയിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാൻ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാലാണ് കോടതിയിൽ എത്തിയതെന്നും കോടതിയിൽ നിന്ന് അനൂകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകൻ ശുഭാങ്കര്‍ ദത്ത നേരത്തെ പ്രതികരിച്ചിരുന്നു. ഫെബ്രുവരി 16നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. വിശ്വ ഹിന്ദു പരിഷത്തിന്‍റെ ബംഗാൾ ഘടകമാണ് ഹര്‍ജി നല്‍കിയത്.

അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്. പാർക്കിലെ മൃഗങ്ങളെ പേരുകൾ മാറ്റാറില്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാൾ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഹർജി. പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് പേരുണ്ടെന്നാണ് ബംഗാൾ വനംവകുപ്പ് വിശദീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here