യുവതിയെ കണ്ട് സംശയം; കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും 14 ലക്ഷത്തിന്‍റെ സ്വർണം, ഒളിപ്പിച്ചത് സോക്സിനുള്ളിൽ

0
110

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. സോക്സിനുള്ളിൽ കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും സ്വർണ്ണം കടത്താൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി 14 ലക്ഷം രൂപയുടെ സ്വർണവുമായി കസ്റ്റംസിന്‍റെ എയർ ഇന്‍റലിജൻസ് യൂണിറ്റിന്‍റെ പിടിയിലായത്.

ഇന്നലെ വൈകിട്ട് ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സോക്സിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടുന്നത്. 145.37 ഗ്രാം തൂക്കമുള്ള കുഴമ്പ് പരുവത്തിലുള്ള സ്വർണ്മവും 80.03 ഗ്രാം തൂക്കമുള്ള ആഭരണങ്ങളുമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് 14,19092 രൂപ വില വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

മറ്റൊരു സംഭവത്തിൽ ഐ ഫോണിനുള്ളിലെ ഉപതരണങ്ങളുടെ മാതൃകയിൽ സ്വർണ്ണം കടത്താനുള്ള ശ്രമവും കസ്റ്റംസ് കണ്ടെത്തി. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ യുവാവിനെ കസ്റ്റംസ് ഇന്‍റലിജൻസ് ആണ് അറസ്റ്റ് ചെയ്തത്. ഐ ഫോണിന്‍റെ ചാർജർ, ഇയർപോഡ് ഉള്‍പ്പടെയുള്ളവയുടെ മാതൃകയിലാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 11.50 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.

അതിനിടെ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ക്വാലാലംപൂരിൽ നിന്നും ജിദ്ദയിൽ നിന്നും എത്തിയ രണ്ട് യാത്രക്കാരാണ് പിടിയിലായത്. കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് കടത്താൻ സ്രമിച്ച സ്വർണ്ണമാണ് പൊക്കിയത്. ജിദ്ദയിൽ നിന്നും വന്ന ഒരു യാത്രക്കാരനിൽ നിന്നും 140 ഗ്രാം വരുന്ന ഏഴര ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. ആറ് കഷ്ണങ്ങളാക്കി കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ക്വാലാലംപൂരിൽ നിന്നും വന്ന മലേഷ്യൻ സ്വദേശിയും സ്വർണ്ണവുമായി പിടിയിലായി. ഇയാളിൽ നിന്നും 999 ഗ്രാം വരുന്ന രണ്ട് ഗോൾഡ് ചെയിനുകളാണ് പിടിച്ചെടുത്തത്. രണ്ട് പേരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here