തിരുവനന്തപുരം(www.mediavisionnews.in): ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോൾ അതിന്റെ രജിസ്ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്ക്. ഇതുവരെ വാങ്ങുന്നയാള്‍ക്കായിരുന്നു ഇതിന്റെ ചുമതല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ‘വാഹന്‍’ എന്ന സോഫ്റ്റ്‌വേറിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ മാറുന്നതോടെയാണ് പുതിയ രീതി നിലവില്‍ വരുന്നത്.
വാഹനം വാങ്ങുന്നവര്‍ ഉടമസ്ഥാവകാശം മാറ്റാന്‍ തയ്യാറാകാത്തതുകാരണമുള്ള ബുദ്ധിമുട്ടുകള്‍ ഇതിലൂടെ ഒഴിവാക്കാം. വാങ്ങുന്നയാള്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ ഉടമസ്ഥാവകാശം പഴയ ഉടമയുടെ പേരില്‍ തുടരും. ഇന്‍ഷുറന്‍സില്ലാതെ അപകടത്തില്‍പ്പെടുകയോ കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ഉപയോഗിക്കുകയോ ചെയ്താല്‍ പഴയഉടമ ഉത്തരവാദിത്വം വഹിക്കേണ്ടിവരും. നികുതികുടിശ്ശിക ഈടാക്കാന്‍ ഉടമയുടെ പേരില്‍ റവന്യൂറിക്കവറിവരെ ഉണ്ടാകും. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാകും.
എങ്ങനെ രജിസ്റ്റര്‍ചെയ്യാം?
വാഹനം വില്‍ക്കുമ്പോൾ ഉടമയ്ക്ക് രജിസ്‌ട്രേഷന്‍ രേഖകള്‍ അതത് മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ സമര്‍പ്പിക്കാം. പുതിയ ഉടമയുടെ ആധാര്‍ വിവരങ്ങള്‍, മൊബൈല്‍ ഫോണ്‍ നമ്പർ എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയശേഷം അപേക്ഷകന് തിരിച്ചുനല്‍കും. വാഹനത്തിന്റെ രേഖകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പുതിയ ഉടമ താമസിക്കുന്ന സ്ഥലത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലേക്ക് കൈമാറും.
അപേക്ഷ സ്വീകരിക്കുമ്പോൾ പുതിയ ഉടമയുടെ മൊബൈല്‍ നമ്പറിലേക് ഒറ്റത്തവണ പാസ്‌വേഡ് അയയ്ക്കും. ഈ നമ്പർ കൈമാറിയാല്‍ മാത്രമേ ഓഫീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകൂ. ഒരാള്‍ അറിയാതെ അയാളുടെ പേരിലേക്ക് വാഹന രജിസ്‌ട്രേഷന്‍ മാറ്റുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം. പുതിയ ഉടമയ്ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കും.
ആറ്റിങ്ങല്‍, കഴക്കൂട്ടം, കാട്ടാക്കട ഓഫീസുകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സോഫ്റ്റ്‌വേര്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മറ്റു ഓഫീസുകളിലേക്കും ഒരുമാസത്തിനുള്ളില്‍ ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.
വാഹന ഫാന്‍സി നമ്പർ ഇ-ലേലത്തിലേക്ക്
വാഹനങ്ങളുടെ ഫാന്‍സി നമ്പർ ലേലം ഓണ്‍ലൈനാക്കുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുന്നത് ഒഴിവാക്കാനാകും. നമ്പറിന് വേണ്ടി ആരൊക്കെയാണ് ലേലത്തില്‍ പങ്കെടുക്കുന്നതെന്ന് അറിയാന്‍ കഴിയില്ല. ഫാന്‍സി നമ്പർ ബുക്ക് ചെയ്തിട്ടുള്ളവർക്ക് വിദേശത്തു നിന്നു വേണമെങ്കിലും ഓണ്‍ലൈനില്‍ ലേലത്തില്‍ പങ്കെടുക്കാം.
ഫാന്‍സി നമ്പറുകൾ സ്വന്തമാക്കാനായി 18 ലക്ഷംരൂപവരെ ലേലത്തുക ഉയര്‍ന്ന ചരിത്രമുണ്ട്. എന്നാല്‍, അതേ ഓഫീസിലെ മറ്റൊരു ശ്രേണിയിലെ നമ്പർ ഒരുലക്ഷം രൂപയ്ക്കാണ് വിദേശവ്യവസായി സ്വന്തമാക്കിയത്. മറ്റുള്ളവര്‍ മാറിക്കൊടുക്കുകയായിരുന്നു. ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഫാന്‍സി നമ്പർ ലേലം കൂടുതല്‍ സുതാര്യമാകും. ലേലത്തില്‍ പങ്കെടുക്കാന്‍ ഓഫീസിലേക്ക് വരേണ്ടതില്ല.