വെസ്റ്റ് ബംഗാളിൽ അക്ബർ എന്ന് പേരുള്ള സിംഹത്തെ സീതയെന്ന സിംഹത്തോടൊപ്പം താമസിപ്പിക്കുന്നതിനെതിരെ വി.എച്ച്.പി രംഗത്തുവന്നതോടെ ട്രോളുകളുടെ പെരുമഴയാണ് സാമൂഹിക മാധ്യമങ്ങളിൽ. ഈ ട്രോളുകളെ ഏറ്റുപിടിച്ചിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരിയും.
ആശ്രമത്തിലെ കല്യാണി പൂച്ചയുടെ കുട്ടിക്ക് മൊയ്തീനെന്ന് പേരിട്ടതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കല്യാണിയും മൊയ്തീനും പടച്ചോന്റെ അനുഗ്രഹത്താൽ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂച്ചകളുടെ ചിത്രവും ഇതോടൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പോസ്റ്റുകളുമാണ് പ്രചരിക്കുന്നത്. ‘സീത സിംഹത്തെ മതം മാറ്റാൻ ശ്രമിച്ച ജിഹാദി അക്ബർ സിംഹത്തിന്റെ കഥ’ എന്ന അടിക്കുറിപ്പോടെ ‘ദെ സൂ സ്റ്റോറി’ എന്ന ചിത്രം ഏറെ വൈറലായി. നിരവധി രസകരമായ കമന്റുകളും ഈ ചിത്രങ്ങൾക്ക് താഴെ വരുന്നുണ്ട്.
ഭാരതപ്പുഴ അറബിക്കടലില്‍ ചേരുന്നത് തടയാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ഒരാൾ കമന്റിട്ടു. സുലൈമാനിയിൽ കൃഷ്ണ തുളസിയിടുന്നത് നിരോധിക്കണമെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.
വെസ്റ്റ് ബംഗാളിലെ സിലിഗുരി സഫാരി പാർക്കിൽ അക്ബർ എന്ന് പേരുള്ള സിംഹത്തെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെയാണ് വിശ്വ ഹിന്ദു പരിഷത് രംഗത്തുവന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കി കൽക്കട്ട ഹൈകോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്.
ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹരജി സമർപ്പിച്ചത്. ഫെബ്രുവരി 20ന് ഹരജിയിൽ വാദം കേൾക്കും.
സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങൾക്ക് പേരിട്ടതെന്നും സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ നിന്ദിക്കാനാണെന്നും വി.എച്ച്.പി ആരോപിച്ചു. സിംഹങ്ങളുടെ പേര് മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങൾ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.