ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല, കക്ഷത്തിലുളളത് പോവുകയും ചെയ്തു; കര്‍ണാടകയില്‍ ബി.ജെ.പിക്ക് മൂന്ന് നഗരസഭകളില്‍ ഭരണം നഷ്ടമായി

0
252

കുടക്(www.mediavisionnews.in): കര്‍ണാടകയില്‍ ഓപ്പറേഷന്‍ കമല 2.0-യിലൂടെ ഭരണം പിടിയ്ക്കാന്‍ നടക്കുന്ന ബി.ജെ.പിയ്ക്ക് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ കനത്ത തിരിച്ചടി. കുടക് ജില്ലയിലെ മൂന്ന് നഗരസഭകളില്‍ ഭരണം നഷ്ടമായി. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും ചെയ്ത കുടക് ജില്ലയിലെ വിരാജ്‌പേട്ട, കുശാൽനഗർ, സോമവാർപേട്ട നഗരസഭകളിലാണ് ബി.ജെ.പി.ക്ക് തിരിച്ചടി നേരിട്ടത്. മൂന്നിടങ്ങളിലും ബി.ജെ.പി.യായിരുന്നു ഭരണത്തിലുണ്ടായിരുന്നത്.

വിരാജ് പേട്ട

18 അംഗ വിരാജ്‌പേട്ട നഗരസഭയിൽ എട്ട് സീറ്റ് നേടി ഭരണകക്ഷിയായ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ കോൺഗ്രസിന് ആറ് സീറ്റും സഖ്യകക്ഷിയായ ജനതാദൾ ഒരുസീറ്റിലും വിജയിച്ചു. മൂന്ന് സീറ്റിൽ സ്വതന്ത്രൻമാരാണ് വിജയിച്ചതെങ്കിലും ഇവര്‍ മൂന്നുപേരും കോൺഗ്രസ്-ജനതാദൾ സംഖ്യത്തോട് ഒപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല ബി.ജെ.പി.യിൽ നിന്ന്‌ രാജിവെച്ച് സ്വതന്ത്രയായി മത്സരിച്ച മുൻ നഗരസഭാ ചെയർപേഴ്‌സൺ ദേശമ്മയ്ക്ക് കോൺഗ്രസ് ജനതാദൾ സഖ്യം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആറാം വാർഡിൽനിന്ന്‌ വിജയിച്ച സി.പി.ഐ. സ്വതന്ത്ര സ്ഥാനാർത്ഥിയും കോൺഗ്രസ്-ജനതാദൾ സഖ്യത്തോടൊപ്പം ചേരും. വിജയിച്ച മൂന്നാമത്തെ സ്വതന്ത്രൻ കോൺഗ്രസ് വിമതനാണ്. ഇയാളുടെ പിന്തുണയും ലഭിക്കുന്നതോടെ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

നഗരസഭയിൽ എം.എൽ.എ.ക്കും എം.പി.ക്കും വോട്ടവകാശം ഉള്ളതിനാൽ വിരാജ്‌പേട്ട എം.എൽ.എ.യും കുടക് എം.പി.യും ബി.ജെ.പി. പ്രതിനിധികളാണ്. ഇവർ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നതോടെ ഇരുപക്ഷത്തും 10 വീതം അംഗങ്ങളാവും. ഇതോടെ സ്വതന്ത്രന്‍റെ നിലപാട് വിരാജ് പേട്ടയില്‍ നിര്‍ണായകമാവും. മലയാളികള്‍ ഭൂരിപക്ഷമുള്ള വിരാജ്‌പേട്ട ടൗൺ വാർഡായ ഗൗരിക്കരയിൽ മൂന്ന് മലയാളികള്‍ തമ്മിലായിരുന്നു മത്സരം. അവിടെ കോൺഗ്രസിലെ സി.കെ.പ്രിത്യുനാഥ് 199 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ മുൻ ചെയർമാനായിരുന്ന ബി.ജെ.പി.യിലെ ഇ.സി. ജീവനെയാണ് പ്രിത്യുനാഥ് പരാജയപ്പെടുത്തിയത്.

കുശാല്‍ നഗര

16 അംഗ കുശാൽനഗര നഗരസഭയിലും ബി.ജെ.പി.ക്ക് തിരിച്ചടിയായി. ബി.ജെ.പി ആറു സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ തനിച്ച് മത്സരിച്ച കോൺഗ്രസ് ആറു സീറ്റ് നേടി കരുത്തുകാട്ടി. ജനതാദൾ നാലു സീറ്റുമായി നിർണായകശക്തിയായി. ഇവിടെ കോൺഗ്രസ്-ജനതാദൾ സഖ്യത്തിന് 10 സീറ്റോടെ അനായാസം ഭരണം പിടിക്കാം.

സോമവാർ പേട്ട

സോമവാർപേട്ടയില്‍ ബി.ജെ.പിയുടെ 22 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ചാണ് കോൺഗ്രസ്-ജനതാദൾ സഖ്യം അധികാരത്തിലേത്തിയത്. 11 അംഗ നഗരസഭാ കൗൺസിലിൽ ബി.ജെ.പി. മൂന്ന് സീറ്റിലൊതുങ്ങിയപ്പോൾ കോൺഗ്രസ് നാലുസീറ്റ് നേടി ബി.ജെ.പി.യെ ഞെട്ടിച്ചു. ജനതാദൾ മൂന്ന് സീറ്റ് നേടിയപ്പോൾ സ്വതന്ത്രൻ ഒരുസീറ്റിൽ വിജയിച്ചു.

ആറുമാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുടക് ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും മികച്ച വിജയം നേടിയ ബിജെപിയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കനത്ത തിരിച്ചടി മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പിലും ഫലിക്കുമോ എന്ന ഭയത്തിലാണ് യെദ്യൂരപ്പയും സംഘവും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here