ഇന്ത്യയിൽ ക്യാഷ്‌ലെസ് പേയ്‌മെന്റുകൾ നടക്കാറുണ്ടായിരുന്നുവെങ്കിലും കോവിഡ് മഹാമാരിക്ക് ശേഷമാണ് ഇത് കൂടുതൽ ജനകീയമായത്. യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് വ്യാപകമായി ആളുകൾ പണം കൈമാറാൻ ഉപയോഗിച്ച് തുടങ്ങി. യുപിഐയുടെ ജനപ്രീതി വർദ്ധിച്ചതോടെ ആളുകൾ തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൊണ്ടുപോകുന്നത് ഏറെക്കുറെ നിർത്തി എന്നുതന്നെ പറയാം. എന്നാൽ യുപിഐ വഴി പണം കൈമാറാൻ അല്ലാതെ പിൻവലിക്കാൻ സാധിക്കില്ലായിരുന്നു. അതിന് ഡെബിറ്റ് കാർഡ് തന്നെ വേണം, എടിഎമ്മിൽ പോകുകയും വേണം.
എന്നാൽ ഇപ്പോൾ പണം പിൻവലിക്കാൻ എടിഎമ്മിൽ കാർഡിന്റെ ആവശ്യമില്ല. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഫിൻടെക് കമ്പനിയായ പേമാർട്ട് ഇന്ത്യ അതിൻ്റെ നൂതനമായ വെർച്വൽ എടിഎം അവതരിപ്പിച്ചിട്ടുണ്ട്. വെർച്വൽ എടിഎം സൗകര്യം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് കാർഡ് കൂടാതെ എടിഎം സന്ദർശിക്കാതെ എളുപ്പത്തിൽ പണം പിൻവലിക്കാം. ഈ പുതിയ വെർച്വൽ എടിഎമ്മിനെ കുറിച്ച് കൂടുതൽ അറിയാം.
എന്താണ് വെർച്വൽ എടിഎം?
ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ആവശ്യമില്ലാതെ അല്ലെങ്കിൽ എടിഎം സന്ദർശിക്കാതെ പണം പിൻവലിക്കാൻ അനുവദിക്കുന്ന ഒരു സേവനമാണ് കാർഡ്ലെസ്സ് ക്യാഷ് പിൻവലിക്കൽ എന്നും അറിയപ്പെടുന്ന വെർച്വൽ എടിഎം.
വെർച്വൽ എടിഎം പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്
ഒരു വെർച്വൽ എടിഎം ഉപയോഗിക്കുന്നതിന് നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:
പിൻവലിക്കൽ ആരംഭിക്കാൻ നിങ്ങൾക്ക് വേണ്ടത് ഇൻ്റർനെറ്റ് കണക്ഷനുള്ള ഒരു സ്മാർട്ട്‌ഫോൺ മാത്രമാണ്. കൂടാതെ നിങ്ങളുടെ ബാങ്കിൻ്റെ മൊബൈൽ ആപ്പ് ഉപയോഗിക്കണം. മൊബൈൽ ആപ്പിനായി നിങ്ങളുടെ ഫോൺ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. പിൻവലിക്കൽ അഭ്യർത്ഥന ഈ ആപ്പ് വഴി നടത്തി കഴിഞ്ഞാൽ നിങ്ങളുടെ ബാങ്ക് ഒരു ഒറ്റത്തവണ പാസ്‌വേഡ് (OTP) സൃഷ്ടിക്കുകയും അത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കുകയും ചെയ്യും. പണം പിൻവലിക്കാൻ വെർച്വൽ എടിഎം സേവനവുമായി ബന്ധിപ്പിച്ചിട്ടുള്ള അടുത്തുള്ള കടയിൽ ഒടിപി കാണിക്കുക.
വെർച്വൽ എടിഎം എങ്ങനെ ഉപയോഗിക്കാം
1. നിങ്ങളുടെ മൊബൈൽ ബാങ്കിംഗ് ആപ്പ് തുറന്ന് വെർച്വൽ എടിഎം ഓപ്ഷൻ തിരഞ്ഞെടുക്കുക.
2. നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക.
3. ഇടപാട് സ്ഥിരീകരിക്കുക.
4. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും.
5. ആപ്പിൻ്റെ ലിസ്റ്റ് ഉപയോഗിച്ച് നിങ്ങൾക്ക് സമീപമുള്ളവെർച്വൽ എടിഎം സേവനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്റ്റോർ കണ്ടെത്തുക.
6. ഒടിപിയും നിങ്ങളുടെ മൊബൈൽ നമ്പറും കട ഉടമയെ കാണിക്കുക.
7. കട ഉടമയിൽ നിന്ന് നിങ്ങളുടെ പണം നേടുക.
നിലവിൽ, ചണ്ഡീഗഡ്, ദില്ലി, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവ ഉൾപ്പെടുന്ന തിരഞ്ഞെടുത്ത നഗരങ്ങളിൽ വെർച്വൽ എടിഎം സേവനം ലഭ്യമാണ്. ഈ വർഷം മെയ് മാസത്തോടെ രാജ്യത്തുടനീളം ഈ സേവനം ആരംഭിക്കാൻ കമ്പനി ഒരുങ്ങുകയാണ്.