വേനലെത്തും മുമ്പ് തന്നെ കൊടുംചൂടിൽ വലഞ്ഞ് സംസ്ഥാനം; വരുംദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

0
151

തിരുവനന്തപുരം: വേനൽ എത്തുന്നതിനു മുൻപേ കൊടുംചൂടിൽ വലഞ്ഞ് കേരളം. എൽനിനോ പ്രതിഭാസവും മഴ കുറവുമാണ് ഉയര്‍ന്ന താപനിലക്ക് കാരണമാകുന്നത്.ചൂടിന്‍റെ കാഠിന്യം ദിനംപ്രതി കൂടുന്നതോടെ വെയിലത്ത് ജോലി ചെയ്യുന്നവരും വലയുകയാണ്.

ചുട്ടുപൊള്ളുന്ന വെയിലത്ത് കുടയും ചൂടി ഇങ്ങനെ കച്ചവടം ചെയ്യാൻ പലരും നിർബന്ധിതരാവുകയാണ്.കാരണം ജീവിക്കാന്‍ മറ്റ് മാർഗ്ഗങ്ങളില്ല. ഇങ്ങനെ ലക്ഷക്കണക്കിനാളുകളാണ് ഒരു പുൽനാമ്പിന്റെ പോലും തണൽ കിട്ടാതെ ഈ കൊടുംചൂടിൽ ചുട്ടുപൊള്ളി ജോലി ചെയ്യുന്നത്.

കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം ചൂടിന്റെ കൊടുമുടിയിലാണ് കേരളം. ജനുവരി 15 മുതൽ 31 നും ഇടയിലെ പത്തിലധികം ദിവസം രാജ്യത്തെത്തന്നെ ഏറ്റവും ചൂടു രേഖപ്പെടുത്തിയത് കേരളത്തിലാണ്. ജനുവരി ആദ്യവാരം ചെറിയതോതിൽ മഴ ലഭിച്ചെങ്കിലും പിന്നീട് മിക്ക ജില്ലകളിലും ശരാശരി താപനില 30 ശതമാനം മുകളിലായിരുന്നു.

ശൈത്യകാലത്തും തണുപ്പുള്ള സമുദ്രജലം ചൂടാവുകയും അതിന്‍റെ ഫലമായി വായുവിന്‍റെ താപനില വർധിക്കുകയും ചെയ്യുന്ന എൽനിനോ പ്രതിഭാസവും, മഴ കുറവും, ആഗോളതലത്തിൽ നിലനിൽക്കുന്ന കാലാവസ്ഥാ വ്യതിയാനവും എല്ലാം നിലവിലെ സ്ഥിതിക്ക് കാരണമാകുന്നുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ഉച്ചക്ക് 12 മുതൽ മൂന്നു വരെയാണ് ചൂടിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഇനിയുള്ള ദിവസങ്ങളിലും ചൂട് കൂടാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പും പ്രവചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here