കോഴിക്കോട്: പത്താം ക്ലാസുകാരിയുടെ വയറ്റില്‍ നിന്ന് 2 കിലോ മുടിക്കെട്ട് പുറത്തെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയക്കെത്തിയ 15കാരിയുടെ വയറ്റിൽ നിന്നാണ് ,മുടിക്കെട്ട് കണ്ടെത്തിയത്. മുടിക്കെട്ടിന് 30 സെന്റീമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ട്. ആമാശയത്തിന്റെ അതേരൂപത്തിലാണ് ഇതുണ്ടായിരുന്നത്.
ഈ മാസം എട്ടാം തീയതിയിലാണ് പാലക്കാട് സ്വദേശി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാനിംഗില്‍ മുഴ ദൃശ്യമായി. എൻഡോസ്കോപ്പിയില്‍ ആമാശയത്തില്‍ ഭീമൻ മുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു.
സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. വൈ. ഷാജഹാന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഡോ. വൈശാഖ് ചന്ദ്രന്‍, ഡോ. ജെറി ജോര്‍ജ്, ഡോ. ബി. രജിത്ത്, ഡോ. അഞ്ജലി അനില്‍, അനസ്‌തേഷ്യ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. മുഹമ്മദ് ബഷീര്‍, അസി. പ്രൊഫ. ഡോ. അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ശസ്ത്രക്രിയക്കുശേഷം കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോ. ഷാജഹാന്‍ പറഞ്ഞു. സ്ഥിരമായി മുടി കടിച്ചുമുറിച്ച് വിഴുങ്ങുന്ന പ്രകൃതക്കാരിയായിരുന്നു പെണ്‍കുട്ടി.