ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ തകര്‍ത്ത മദ്‌റസ നിലനിന്ന സ്ഥാനത്ത് പൊലിസ് സ്‌റ്റേഷന്‍ ഉയരും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് കലാപകാരികള്‍ക്കുള്ള സന്ദേശമാണെന്നും ധാമി പറഞ്ഞു. അക്രമസംഭവങ്ങളില്‍ പങ്കുള്ള ഒരാളെയും വെറുതെവിടില്ലെന്നും ഇത്തരക്കാരോട് ഒരു സഹിഷ്ണുതയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്ക് കലാപകാരികളില്‍നിന്ന് ഈടാക്കുമെന്നും കലാപകാരികളെ വെറുതെവിടില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പ്രതികളെ പിടികൂടാന്‍ വിവിധ സംഘങ്ങളെ നിയോഗിച്ചതും പ്രദേശത്തുകാരെ ഭീതിയിലായിട്ടുണ്ട്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂട്ട അറസ്റ്റും നടപടികളും ഉണ്ടായേക്കുമെന്ന് ഭീതിയുണ്ടായതോടെ ഹല്‍ദ്വാനിയില്‍നിന്ന് മുസ്ലിംകള്‍ കൂട്ടപലായനം ചെയ്യുകയാണ്. സംഭവത്തിന് ശേഷം 300 ഓളം കുടുംബങ്ങളാണ് പ്രദേശം വിട്ടുപോയത്. നിരവധി പേര്‍ ബറേലിയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ട്രെയിന്‍ വഴി പോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ വീട്ടുസാധനങ്ങളും ചുമന്ന് കാല്‍നടയായി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബന്‍ഫൂല്‍പുരയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ ലാല്‍ക്വാനിലേക്ക് നടന്ന് അവിടെനിന് ട്രെയിന്‍മാര്‍ഗമാണ് ബറേലിയിലേക്ക് പോയത്.
മദ്‌റസയും പള്ളിയും നിലനില്‍ക്കുന്ന ഭൂമി സര്‍ക്കാരിന്റെതാണെന്ന് ആരോപിച്ച് വ്യാഴാഴ്ചയാണ് ഹല്‍ദ്വാനി മുനിസിപ്പിലാറ്റി അധികൃതര്‍ ബന്‍ഫൂല്‍പുരയിലെ മദ്‌റസയും പള്ളിയുടെ ഒരുഭാഗവും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ബുള്‍ഡോസര്‍രാജിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ പൊലിസുകാരും മാധ്യമപ്രവര്‍ത്തകരും മുനിസിപ്പിലാറ്റി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഇരുനൂറിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ അയ്യായിരത്തോളം പേരെ പ്രതിചേര്‍ത്താണ് കേസെടുത്തത്. ഇതുവരെ 60 ഓളം പേരെ അറസ്റ്റ്‌ചെയ്തു. മദ്‌റസ നിര്‍മിച്ച അബ്ദുല്‍ മാലികിനെ അറസ്റ്റ്‌ചെയ്ത് ചോദ്യംചെയ്തുവരികയാണെന്ന് പൊലിസ് അറിയിച്ചു. മദ്‌റസയും പള്ളിയും തകര്‍ക്കാനുള്ള നീക്കത്തിനെതിരേ ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് മാലിക് ആയിരുന്നു. ഈ കേസില്‍ വാദം നടക്കാനിരിക്കെയാണ് ധൃതിപിടിച്ച് മദ്‌റസ തകര്‍ത്തത്.
പ്രതികള്‍ക്കെതിരേ ദേശസുരക്ഷാനിയമവും ഐ.പി.സിയിലെ വിവിധവകുപ്പുകളുമാണ് ചുമത്തുന്നത്. കേസില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് പ്രകാരം ഉടന്‍ തന്നെ അന്വേഷണം തുടങ്ങും. സംഭവത്തെത്തുടര്‍ന്ന് 120 പേരുടെ ആയുധം കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ജില്ലാ ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തു.