മഞ്ചേശ്വരം: താലൂക്കാസ്ഥാനമായ ഉപ്പളയിലെ യാത്രക്കാർക്ക് ബസ് കയറണമെങ്കിൽ പൊരിവെയിലത്ത് ദേശീയപാതയിൽ കാത്തിരിക്കണം. കാത്തിരുന്ന് വരുന്ന ബസിൽ കയറണമെങ്കിൽ നന്നായി ഓടാനുമറിയണം. ഭാഗ്യമുണ്ടെങ്കിൽ ബസ് കിട്ടും. ഇല്ലെങ്കിൽ അടുത്ത ബസിനായി കാത്തിരിക്കാം. കാസർകോട്-മംഗളൂരു റൂട്ടിലോടുന്ന കേരള, കർണാടക ബസുകളാണ് ഉപ്പള ബസ് സ്റ്റാൻഡിനെ ഒഴിവാക്കി സർവീസ് നടത്തുന്നത്. ബസ് കയറാനല്ലെങ്കിൽ പിന്നെന്തിനാണ് ബസ് സ്റ്റാൻഡ് എന്നാണ് യാത്രക്കാരുടെ ചോദ്യം. ബസുകാരുടെ അവഗണനയറിയാതെ ഉപ്പള ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന് ‘വഞ്ചിക്കപ്പെടുന്നവരുടെ’ എണ്ണവും കുറവല്ല.
പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകളുമാണ് ഇതുകാരണം ഏറെ പ്രയാസമനുഭവിക്കുന്നത്. പെരുവഴിയിൽ പൊരിവെയിലത്ത് നിൽക്കുന്നതിനുപുറമേ ആകാശപാതയുടെ നിർമാണം പുരോഗമിക്കുന്നത് കാരണമുണ്ടാവുന്ന പൊടിയും സഹിച്ചാണ് ഇവിടെ ബസ് കാത്തുനിൽക്കേണ്ടിവരുന്നത്.
സമയനഷ്ടം വരുന്നു
നഗരത്തിൽ നടക്കുന്ന ദേശീയപാതയുടെ നിർമാണം കാരണം ഇടുങ്ങിയ റോഡിൽ കൂടിയാണ് ബസുകളടക്കമുള്ള വാഹനങ്ങൾ കടന്നുപോവുന്നത്.
ഇതിനിടയിൽ ബസ് സ്റ്റാൻഡിൽ കയറുക എന്നത് ഏറെ ശ്രമകരമാണ്. ഗതാഗതക്കുരുക്ക് കാരണമുണ്ടാകുന്ന സമയനഷ്ടമാണ് സ്റ്റാൻഡിൽ കയറാതിരിക്കാൻ കാരണം. സമയത്ത് ഓടിയെത്താൻ സാധിക്കാത്തത് കൊണ്ടാണ് ബസ് സ്റ്റാൻഡ് ഒഴിവാക്കുന്നതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.
ഹോംഗാർഡിനെ നിയമിക്കണം
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഹോംഗാർഡിനെ നിയമിച്ച് യാത്രക്കാരുടെ പ്രശ്നം പരിഹരിക്കണമെന്ന് കച്ചവടക്കാർ ആവശ്യപ്പെടുന്നു. യാത്രക്കാർ ബസ് സ്റ്റാൻഡിൽ കയറാത്തത് കാരണം തങ്ങൾക്കും നഷ്ടമാണെന്നും അവർ പറയുന്നു.